പരവൂർ: ഭാരതത്തിന്റെ അഭിമാനമായ ‘വന്ദേ ഭാരത്’ അതിവേഗ തീവണ്ടികൾ ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യൻ റെയിൽവേ.
വിദേശ രാജ്യങ്ങളിലെ റെയിൽവേ ട്രാക്കുകൾക്ക് അനുയോജ്യമായ രീതിയിൽ വന്ദേ ഭാരതിന്റെ സ്റ്റാൻഡേർഡ്-ഗേജ് പതിപ്പ് വികസിപ്പിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് റെയിൽവേ മന്ത്രാലയം.
ഇന്ത്യൻ റെയിൽവേയുടെ കയറ്റുമതി വിഭാഗമായ റൈറ്റ്സ് ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ അയൽ രാജ്യങ്ങൾക്ക് പുറമേ ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും നിരവധി രാജ്യങ്ങൾ വന്ദേ ഭാരത് ട്രെയിനുകൾ വാങ്ങാൻ ഇതിനകം തന്നെ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റൈറ്റ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാഹുൽ മിത്തൽ വ്യക്തമാക്കി.
വന്ദേ ഭാരത് ഇഎംയു ട്രെയിനുകളുടെ കയറ്റുമതി പതിപ്പ് നിലവിൽ വികസന ഘട്ടത്തിലാണ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ ഓർഡറുകൾ ലഭിക്കുന്ന മുറയ്ക്ക് ഇവയുടെ ഉത്പാദനം ആരംഭിക്കും. വാങ്ങാൻ താത്പര്യം പ്രകടിപ്പിക്കുന്ന ഓരോ രാജ്യത്തിനും പരീക്ഷണ സർവീസിനായി ആദ്യഘട്ടത്തിൽ കുറഞ്ഞത് ഒരു വന്ദേ ഭാരത് ട്രെയിൻ വീതം നൽകാനാണ് റൈറ്റ്സ് ലക്ഷ്യമിടുന്നത്.
ആഭ്യന്തര വിപണിയിലെ ആവശ്യകതകൾ പൂർണമായി നിറവേറ്റിയ ശേഷമായിരിക്കും വന്ദേ ഭാരത് വിദേശങ്ങളിലേക്ക് വൻതോതിൽ കയറ്റി അയക്കുക. എങ്കിലും പ്രാരംഭ ഘട്ടത്തിൽ ഇന്ത്യയിൽ നിലവിലുള്ള ബ്രോഡ് ഗേജ് പാതകൾക്ക് അനുയോജ്യമായ വന്ദേ ഭാരത് ട്രെയിനുകൾ അയൽരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കും.
ആഗോള വിപണിയിലെ മറ്റ് അതിവേഗ ട്രെയിനുകളെ അപേക്ഷിച്ച് വന്ദേ ഭാരതിന്റെ കുറഞ്ഞ നിർമാണച്ചെലവ് ഇന്ത്യക്ക് വലിയൊരു ബിസിനസ് സാധ്യതയാണ് തുറന്നു നൽകുന്നത്. 16 കോച്ചുകളുള്ള ഒരു വന്ദേ ഭാരത് ട്രെയിൻ സെറ്റ് നിർമിക്കുന്നതിന് ഏകദേശം 130 കോടി മുതൽ 150 കോടി രൂപ വരെ ($13-15 മില്യൺ) മാത്രമാണ് ചെലവ് വരുന്നത്.
കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 2010-കളുടെ അവസാനത്തിലാണ് വന്ദേ ഭാരത് ട്രെയിൻ പ്ലാറ്റ്ഫോം രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. നിലവിൽ ചെയർ കാർ സൗകര്യമുള്ള ട്രെയിനുകൾക്ക് പുറമേ സ്ലീപ്പർ വകഭേദങ്ങളും റെയിൽവേ നിർമിച്ചുവരുന്നുണ്ട്. എട്ട്, 16, 20 കോച്ചുകളുള്ള വിവിധ ഫോർമേഷനുകളിലായി നൂറിലധികം വന്ദേ ഭാരത് ട്രെയിനുകളാണ് ഇപ്പോൾ രാജ്യത്ത് സർവീസ് നടത്തുന്നത്.
ആഫ്രിക്കൻ-ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് ഇന്ത്യൻ നിർമിത ട്രെയിൻ എൻജിനുകളുടെയും കോച്ചുകളുടെയും കയറ്റുമതി റൈറ്റ്സ് ഇതിനകം തന്നെ വ്യാപിപ്പിച്ചിട്ടുണ്ട്. വാരണാസിയിലെ ബനാറസ് ലോക്കോമോട്ടീവ് വർക്സ് നിർമിച്ച പത്തു ഡീസൽ റെയിൽവേ എൻജിനുകൾ അടുത്തിടെ മൊസാംബിക്കിലേക്ക് എത്തിച്ചിരുന്നു. ഇതിന് പുറമേ അഞ്ച് എൻജിനുകൾ കൂടി നൽകാനുള്ള പുതിയ ഓർഡറും ലഭ്യമായിട്ടുണ്ട്.
കൂടാതെ ബംഗ്ലാദേശിലേക്ക് 200 പാസഞ്ചർ കോച്ചുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. എല്ലാ പാദത്തിലും ചുരുങ്ങിയത് ഒരു അന്താരാഷ്ട്ര കയറ്റുമതി ഓർഡറെങ്കിലും സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ മുന്നോട്ട് പോകുന്നത്.
- എസ്. ആർ. സുധീർ കുമാർ
