പ്രിയ നേതാവ് കരുണാനിധിയുടെ മരണത്തില്‍ അനുശോചനം ഒഴുകുമ്പോള്‍ സംസ്‌കാര ചടങ്ങ് നടത്താനുള്ള സ്ഥലവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വാദം തുടരുന്നു! മറീന ബീച്ചെന്ന ആവശ്യത്തില്‍ ഉറച്ച് ഡിഎംകെ

തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചനപ്രവാഹം. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന നേതാവിനെ നഷ്ടമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. തമിഴ്നാടിനും രാജ്യത്തിനും നിരവധി സംഭാവന നല്‍കിയ വ്യക്തിയെ നഷ്ടമായെന്ന് രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തും ഏറെ ആരാധകരുള്ള വ്യക്തിയാണ് കരുണാനിധിയെന്ന്് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ സ്മരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ നേതാവിനെ നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

ഉത്തരേന്ത്യന്‍ മേധാവിത്വത്തിനെതിരെ ദക്ഷിണേന്ത്യയുടെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച നേതാവായിരുന്നു കരുണാനിധിയെന്ന് വി.എസ് പറഞ്ഞു. മഹാനായ നേതാവിനെ രാജ്യത്തിന് നഷ്ടമായെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. തന്റെ ജീവിതത്തിലെ കറുത്തദിനമെന്ന് നടന്‍ രജനീകാന്ത് പറഞ്ഞു.

അതേസമയം കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് മറീന ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന ഡിഎംകെയുടെ ഹര്‍ജിയില്‍ ഇന്നു രാവിലെ വീണ്ടും വാദം തുടരും. ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചില്‍ രാവിലെ വീണ്ടും വാദം കേള്‍ക്കുന്നത്.

രാവിലെ എട്ടു മുതല്‍ വാദം ആരംഭിക്കും. ഡിഎംകെയുടെ വാദത്തിന് മറുപടി നല്‍കുന്നതിനു തമിഴ്നാട് സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിച്ചിരുന്നു. കരുണാനിധിയുടെ നിര്യാണത്തിനു പിന്നാലെ തമിഴ്നാട്ടില്‍ പലയിടത്തും സംഘര്‍ഷവുമുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ചെന്നൈയിലെത്തും. കരുണാനിധിയുടെ സംസ്‌കാരത്തിന് ഗാന്ധി മണ്ഡപത്തില്‍ രണ്ട് ഏക്കര്‍ സ്ഥലം തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

എന്നാല്‍ സംസ്‌കാരം മറീന ബീച്ചില്‍ തന്നെ നടത്തണമെന്ന ആവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംസ്‌കാരത്തെ ചൊല്ലി പ്രകോപനം ഉണ്ടാക്കരുതെന്ന് സ്റ്റാലിന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി വിധി പ്രതികൂലമായെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഡിഎംകെ നേതൃത്വം വ്യക്തമാക്കി.

മറീന ബീച്ചില്‍ സി.എന്‍.അണ്ണാദുരൈയുടെ സമാധിയോട് ചേര്‍ന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറീന ബീച്ചില്‍ സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ സ്റ്റാലിന്റെ ആവശ്യം തള്ളുകയായിരുന്നു.

Related posts