കേരള പോലീസിന്റെ ട്രോളന്മാരെ മൈക്രോസോഫ്റ്റിലെടുത്തേ!! കേരള പോലീസിന്റെ സോഷ്യല്‍മീഡിയ സ്വാധീനം ലോക മാധ്യമങ്ങളിലേക്കും, പുതിയ സംഭവങ്ങള്‍ ഇങ്ങനെ

കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകളെക്കുറിച്ചു വിവരസാങ്കേതിക രംഗത്തെ ഭീമന്‍മാരായ മൈക്രോസോഫ്റ്റ് പഠനം നടത്തുന്നു. പൊതുജനസന്പര്‍ക്കത്തിന് രാജ്യത്തെ നിയമപാലക സംവിധാനം സാധാരണയായി ഉപയോഗിക്കുന്ന മാര്‍ഗങ്ങളില്‍നിന്നു വ്യത്യസ്തമായി നവമാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുവെന്നും അതിന്റെ സ്വാധീനത്തെക്കുറിച്ചുമാണ് മൈക്രോസോഫ്റ്റ് പഠിക്കുന്നത്.

ഗവേഷണത്തില്‍ ഇന്ത്യയില്‍നിന്നു തെരഞ്ഞെടുത്തതു കേരള പോലീസിനെയാണ്. നവമാധ്യമങ്ങളില്‍ പ്രത്യേകിച്ചു ഫേസ്ബുക്ക് പേജില്‍ കേരള പോലീസ് അടുത്തിടെ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണു കേരള പോലീസിനെ ഇതിനായി തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരന്പരാഗത രീതികളില്‍ ജനങ്ങളുമായി നടത്തുന്ന ആശയവിനിമയങ്ങളില്‍നിന്നു വ്യത്യസ്തമായി, നവമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായുള്ള കേരള പോലീസിന്റെ ആശയവിനിമയവും അതിനു ലഭിക്കുന്ന ജനപിന്തുണയും പഠനവിഷയമാണ്.

മൈക്രോസോഫ്റ്റ് ബംഗളൂരു ഗവേഷണകേന്ദ്രത്തിന്റെ കീഴില്‍ നടക്കുന്ന പഠനത്തിന്റെ ഭാഗമായി ഗവേഷകയായ ദ്രുപ ഡിനി ചാള്‍സ് പോലീസ് ആസ്ഥാനത്തെത്തി കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസര്‍ ഐജി മനോജ് ഏബ്രഹാം, മീഡിയ സെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തി. പോലീസ് സേനകളില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഫേസ്ബുക്ക് പേജ് എന്ന നേട്ടം കൈവരിച്ച കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ന്യൂയോര്‍ക്ക് പോലീസ്, ക്വീന്‍സ്ലാന്‍ഡ് പോലീസ് എന്നിവരെ പോലും പിന്നിലാക്കി ലോകശ്രദ്ധ നേടിയിരുന്നു.

പുതുവത്സരത്തില്‍ പത്തു ലക്ഷം പേജ് ലൈക് എന്ന ലക്ഷ്യത്തിനായി പൊതുജനസഹായം തേടിയ കേരള പോലീസിന് ആവേശകരമായ പിന്തുണയാണു നവമാധ്യമങ്ങളില്‍ ലഭിക്കുന്നത്. പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും അറിവുകളും ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും പങ്കുവയ്ക്കുന്ന ഈ പേജിലെ കമന്റുകള്‍ക്കുള്ള രസകരമായ മറുപടികളും വൈറലാണ്.

Related posts