അന്റാര്‍ട്ടിക്കയിലെ കൂറ്റന്‍ മഞ്ഞുപാളി ലോകത്തിനു തലവേദനയാവുന്നു ! അടരാന്‍ പോകുന്ന മഞ്ഞുപാളിക്ക് ന്യൂയോര്‍ക്കിന്റെ രണ്ടിരട്ടി വലിപ്പം; സംഭവത്തെക്കുറിച്ച് ശാസ്ത്രകാരന്മാര്‍ പറയുന്നതിങ്ങനെ…

അന്റാര്‍ട്ടിക്കയിലെ 1700 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള മഞ്ഞുപാളി ലോകത്തിനു തന്നെ തലവേദനയാകുന്നു. അന്റാര്‍ട്ടിക്കില്‍ നിന്നും ഈ മഞ്ഞുപാളി ഏതു നിമിഷവും അടര്‍ന്നു മാറിയേക്കാം. അന്റാര്‍ട്ടിക് മേഖലയെ സംബന്ധിച്ച് ഈ വലുപ്പം ഒരു വിഷയമല്ലെങ്കിലും ഗവേഷകരെ ആശങ്കപ്പെടുത്തുന്നതും അലട്ടുന്നതും മറ്റുചില പ്രശ്‌നങ്ങളാണ്. ഈ മഞ്ഞുപാളി സ്ഥിതി ചെയ്യുന്ന ബ്രണ്‍ഡ് ഐസ് ഷെല്‍ഫ് മേഖലയില്‍ ഇതിനു മുന്‍പ് സമാനമായ രീതിയിലുള്ള വിള്ളലുകള്‍ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ആഗോളതാപനം മൂലമുള്ള അന്റാര്‍ട്ടിക്കിലെ മഞ്ഞുപാളികളുടെ ബലക്ഷയം ഈ മേഖലയെയും ബാധിക്കുന്നു എന്നതിന്റെ സൂചനയായാണിതെന്ന് ഗവേഷകരുടെ വിലയിരുത്തല്‍.

ഹാലോവിന്‍ ക്രാക്ക് എന്ന 2016ല്‍ രൂപപ്പെട്ട വിള്ളലാണ് ബ്രണ്‍ഡ് ഐസ് ഷെല്‍ഫിലെ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കിയത്. അതുവരെ ഏതാനും വര്‍ഷങ്ങളായി നേരിയ തോതില്‍ മാത്രം മഞ്ഞുരുക്കം സംഭവിച്ചിരുന്ന മക് ഡൊണാള്‍ഡ് ഐസ് റംപിള്‍സ് എന്ന വിള്ളലില്‍ നിന്നായിരുന്നു ഹാലോവീന്‍ ക്രാക്കിന്റെ തുടക്കം. ഇപ്പോള്‍ രണ്ടു വര്‍ഷത്തിനിടയില്‍ കിലോമീറ്ററുകള്‍ ദൂരത്തേക്കാണ് ഈ വിള്ളല്‍ വളര്‍ന്നിരിക്കുന്നത്. ഇതിനു പുറമെയാണ് 2017ല്‍ രണ്ട് വിള്ളലുകള്‍ കൂടി രൂപപ്പെട്ടത്.

ചാസം അഥവാ വിള്ളലുകള്‍ എന്ന പേരില്‍ തന്നെയാണ് ഗവേഷകര്‍ ഇവയെ വിശേഷിപ്പിക്കുന്നത്. അന്റാാര്‍ട്ടിക്കില്‍ നിന്നു ഏതാണ്ടു പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഉപദ്വീപ് പോലുള്ള പ്രദേശമായാണ് ഇപ്പോള്‍ ബ്രണ്‍ഡ് ഐസ് ഷെല്‍ഫിന്റെ കിടപ്പ്. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്ത് ലംബമായാണ് ഹാലോവിന്‍ ക്രാക്ക് രൂപപ്പെട്ടിരിക്കുന്നതെങ്കില്‍ മറ്റൊരു ഭാഗത്തു നിന്നു ഹാലോവിന്‍ ക്രാക്കിനെ ലക്ഷ്യമാക്കിയാണ് ചാസം 1, ചാസം 2 എന്നിവയുടെ സഞ്ചാരം. ഇവയില്‍ ചാസം 1 ആണ് കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നത്. ഹാലോവിന്‍ ക്രാക്കും ചാസം 1 എന്ന വിള്ളലും എപ്പോള്‍ കൂട്ടിമുട്ടും എന്ന് ഇതുവരെ ഗവേഷകര്‍ വിലയിരുത്തിയിട്ടില്ല. പക്ഷെ ഇവ കൂട്ടിമുട്ടിയാല്‍ വൈകാതെ തന്നെ ബ്രണ്‍ഡ് ഐസ് ഷെല്‍ഫ് അന്റാര്‍ട്ടിക്കില്‍ നിന്നു വേര്‍പെട്ട് കടലിലേക്കൊഴുകും എന്നു ഗവേഷകര്‍ പറയുന്നു.

മനുഷ്യ രാശിയുടെ സുരക്ഷിതമായ നിലനില്‍പ്പിനു തന്നെ കാരണമായ നിര്‍ണായകമായ ഒരു കണ്ടെത്തലിനു സാക്ഷ്യം വഹിച്ചത് ബ്രണ്‍ഡ് ഐസ് ഷെല്‍ഫാണ്. 1956 ലാണ് ബ്രിട്ടിഷ് ഗവേഷക സംഘം ബ്രണ്‍ഡില്‍ ഹാലെ റിസേര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നത്. ഭൗമാന്തരീക്ഷ പഠനമായിരുന്നു ഈ ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യം. ഈ പഠനത്തിന്റെ ഭാഗമായി 1985ല്‍ ഒരു നിര്‍ണായക കണ്ടെത്തല്‍ ഈ കേന്ദ്രത്തില്‍ നിന്നുണ്ടായി. സൂര്യനില്‍ നിന്നുള്ള മാരകമായ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയിലേക്കെത്തുന്നത് തടയുന്ന ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായിരിക്കുന്നു. മാത്രമല്ല ഈ വിള്ളല്‍ അനുദിനം വളര്‍ന്നു വരുന്നു.

ഇന്നേ വരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്നു വിജയകരമായി നടപ്പാക്കിയ പരിസ്ഥിതി സംരക്ഷണ ദൗത്യത്തിന്റെ ആരംഭമായിരുന്നുവത്. 1992ല്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ഓസോണിനു ഹാനികരമായ വസ്തുക്കളുടെ ബഹിര്‍ഗമനം ലോകരാജ്യങ്ങള്‍ നിയന്ത്രിച്ചു. ഒടുവില്‍ 2014 മുതലുള്ള പഠനങ്ങള്‍ ഓസോണ്‍ പാളികളിലുണ്ടാകുന്ന വിള്ളലുകള്‍ തനിയെ അടയുന്നതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പക്ഷേ ഓസോണ്‍ വിള്ളല്‍ നിയന്ത്രിക്കാന്‍ സഹായിച്ച ഹാലെ ഗവേഷണ കേന്ദ്രത്തെ അടുത്ത മനുഷ്യ നിര്‍മിത പ്രതിസന്ധി അടി തെറ്റിച്ചു. ആഗോളതാപനം മൂലം ബ്രൂസ് ഐസ് ഷെല്‍ഫ് ഉരുകാന്‍ തുടങ്ങിയതോടെ ഇതിനകം നാലു തവണയാണ് ഹാലെ ഗവേഷണ കേന്ദ്രം അന്റാര്‍ട്ടിക്കില്‍ മാറ്റി സ്ഥാപിക്കപ്പെടുന്നത്. ഏറ്റവും ഒടുവില്‍ 2017 ലാണ് ഹാലെ ഗവേഷണ കേന്ദ്രം പുതിയ പ്രദേശത്തേക്കു മാറ്റിയത്.

ബ്രണ്‍ഡ് ഐസ് ഷെല്‍ഫില്‍ ഉണ്ടായിട്ടുള്ള വിള്ളലുകളുടെ വ്യാപ്തി തെളിയിക്കുന്ന ചിത്രങ്ങള്‍ നാസയുടെ സ്‌പേസ് സ്റ്റേഷന്‍ പുറത്തു വിട്ടിട്ടുണ്ട്. 2019 ജനുവരി 23 വരെയുള്ള വിള്ളലുകളുടെ ദൈര്‍ഘ്യമാണ് ഈ ചിത്രങ്ങളിലുള്ളത്. ഈ ചിത്രവും 1985ലെ സാറ്റലൈറ്റ് ചിത്രങ്ങളും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോളാണ് 30 വര്‍ഷത്തിനുള്ളില്‍ അന്റാര്‍ട്ടിക്കിലെ ഈ പ്രദേശത്തു മാത്രം ഉണ്ടായിട്ടുള്ള മഞ്ഞുരുക്കത്തിന്റെ ഞെട്ടിക്കുന്ന വ്യാപ്തി മനസ്സിലാകുന്നത്. ഏതായാലും നിലവില്‍ ബ്രണ്‍ഡ് ഐസ് ഷെല്‍ഫ് അന്റാര്‍ട്ടിക്കില്‍ നിന്ന് വേര്‍പെടുന്നതു തടയാന്‍ ശാസ്ത്രത്തിനു കഴിയില്ല. അതുകൊണ്ട് തന്നെ എന്നാണ് ഈ വിള്ളലുകള്‍ ബ്രണ്‍ഡ് ഐസ് ഷെല്‍ഫിനെ വേര്‍പെടുത്തുക എന്ന കാത്തിരിപ്പിലാണ് ഗവേഷകര്‍. ഒപ്പം ബ്രണ്‍ഡ്‌ഐസ് ഷെല്‍ഫ് വേര്‍പെടുന്നതോടെ പ്രദേശത്തെ കൂടുതല്‍ മഞ്ഞ് പളികള്‍ ദുര്‍ബലപ്പെടുമോ എന്ന ആശങ്കയിലും. എന്തായാലും ഗുരുതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോന്നത്.

Related posts