മോദി കാല്‍ കഴുകി ആദരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കുംഭമേളയിലെ തൊഴിലാളികള്‍ നേരിട്ടത് വന്‍ പോലീസ് അതിക്രമം! മാധ്യമങ്ങള്‍ക്ക് മുമ്പിലെ പ്രഹസനം എന്തിനായിരുന്നു എന്ന് ചോദ്യം

ശുചീകരണ തൊഴിലാളികളുടെ കാല്‍ കഴുകുന്ന നരേന്ദ്രമോദിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്നാല്‍ തൊഴിലാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി നടത്തിയ കാല്‍ കഴുകല്‍ പരിപാടിയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് കുംഭമേളയിലെ തൊഴിലാളികള്‍ നേരിട്ടത് ശക്തമായ പോലീസ് അടിച്ചമര്‍ത്തലായിരുന്നു എന്ന് റിപ്പോര്‍ട്ട്.

വേതനവര്‍ധനവും ജോലി സുരക്ഷയും ആവശ്യപ്പെട്ട് സമരം ചെയ്യുന്ന തൊഴിലാളികളാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിട്ടത്.

ദളിത് സഫായി മസ്ദൂര്‍ സംഗതന്റെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്. ജനുവരിയില്‍ കുംഭമേള തുടങ്ങിയതു മുതല്‍ പ്രദേശത്ത് നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അധികാരികള്‍ക്ക് പലതവണ കത്തു നല്‍കുകയും ചെയ്തിരുന്നു.

കുംഭ മേളയുടെ ഗ്രൗണ്ടുകളും ടോയ്ലറ്റും, തെരുവും വൃത്തിയാക്കുന്നവര്‍ക്ക് ദിവസക്കൂലി വര്‍ധിപ്പിക്കുക, അധികസമയത്തിന് കൂലി നല്‍കുക, നല്ല തൊഴില്‍ സാമഗ്രികള്‍ നല്‍കുക, ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക തുടങ്ങിയ ആവശ്യമുന്നയിച്ചാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്.

‘കൂലിയുമായി ബന്ധപ്പെട്ടതാണ് ഞങ്ങളുടെ പ്രധാന ആവശ്യം. മേള തുടങ്ങിയ സമയത്ത് 295 രൂപയാണ് ഞങ്ങള്‍ക്ക് ദിവസക്കൂലിയായി നല്‍കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് 15 രൂപ വര്‍ധിപ്പിച്ച് ദിവസം 310 രൂപയാക്കി. പേരിനുമാത്രമുള്ള വര്‍ധനവാണിത്. പക്ഷേ തൊഴിലാളികള്‍ക്ക് ആ തുക പോലും കിട്ടുന്നില്ല. അവര്‍ക്കിപ്പോഴും ദിവസം 295 രൂപയാണ് ലഭിക്കുന്നത്. ഞങ്ങളുടെ മറ്റ് ആവശ്യങ്ങള്‍ മിക്കതും അവഗണിച്ചതാണ്.’ തൊഴിലാളിയായ ദിനേഷ് പറയുന്നു.

ഞായറാഴ്ച അലഹബാദില്‍ ഗംഗയില്‍ മുങ്ങിയശേഷമാണ് പ്രധാനമന്ത്രി ശുചീകരണ തൊഴിലാളികളുടെ കാല് കഴുകിയത്. വന്‍ മാധ്യമസംഘത്തിന് മുമ്പിലാണ് മോദി ഇത് ചെയ്തത്.

 

Related posts