കോവിഡിനെ തുരത്താന്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും മരുന്നു കമ്പനികളുടെ സഹായം തേടി ഗിലെയദ്; റെംഡെസിവിറിന് കോവിഡിനെ പിടിച്ചു കെട്ടാനാവുമോ ?

കോവിഡ് 19 ചികിത്സയ്ക്കുപയോഗിക്കുന്ന റെംഡെസെവിറിന്റെ വന്‍തോതിലുള്ള ഉത്പാദനത്തിനായി ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഉള്‍പ്പെടെയുള്ള മരുന്നു കമ്പനികളുമായി ഗിലെയദ് സയന്‍സസ് ചര്‍ച്ച നടത്തുന്നു.

ഗിലെയദ് സയന്‍സസ് വികസിപ്പിച്ച റെംഡെസിവിര്‍ എന്ന മരുന്ന് കോവിഡ് ചികിത്സയില്‍ ആശാവഹമായ പുരോഗതി കാണിച്ചിരുന്നു.

മരുന്നിന് യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അനുമതി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ആഗോളതലത്തില്‍ മരുന്ന് ഉത്പാദിപ്പിക്കാന്‍ ഗിലെയദ് സയന്‍സസ് പങ്കാളികളെ തേടുന്നത്.

യൂറോപ്പിലെയും ഏഷ്യയിയിലെയും മരുന്നു നിര്‍മാതാക്കളുമായി ചര്‍ച്ചയിലാണെന്നു വ്യക്തമാക്കിയ കമ്പനി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

ബംഗ്ലദേശിലെ ഏറ്റവും വലിയ മരുന്നു നിര്‍മാതാക്കളായ ബെക്‌സിമോ ഫാര്‍മസ്യൂട്ടിക്കല്‍സ് ഈ മാസം തന്നെ റെംഡെസിവിറിന്റെ നിര്‍മാണം തുടങ്ങുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തവര്‍ക്കു മാത്രമേ ഈ മരുന്ന് നല്‍കിയിരുന്നുള്ളൂ.

മരുന്നിന്റെ ആദ്യ 15 ലക്ഷം ഡോസുകള്‍ സംഭാവന ചെയ്യുമെന്ന് ഗിലെയദ് അറിയിച്ചിട്ടുണ്ട്.

ആഗോള തലത്തില്‍ മരുന്ന് എത്തിക്കാന്‍ വിവിധ നിര്‍മാണ പങ്കാളികളെ അന്വേഷിക്കുകയാണെന്നും യുനിസെഫുമായി ചേര്‍ന്ന് അവരുടെ ശൃംഖല വഴി മരുന്നു വിതരണം നടത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

ഇന്ത്യയിലെ വിവിധ ഗവേഷണശാലകളിലും കോവിഡിനെതിരായ മരുന്ന് കണ്ടുപിടിക്കാന്‍ ഊര്‍ജ്ജിതമായ ഗവേഷണങ്ങള്‍ നടക്കുകയാണ്.

Related posts

Leave a Comment