25 വയസുവരെ എല്ലാ ദിവസവും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു! അച്ഛന്റെ മരണശേഷം അനുഭവിച്ച ബുദ്ധിമുട്ടുകള്‍ പറഞ്ഞറിയിക്കാനാവില്ല; ജീവിതത്തിലെ കറുത്ത അധ്യായങ്ങളെക്കുറിച്ച് എ. ആര്‍ റഹ്മാന്‍ പറയുന്നു

സംഗീതവിസ്മയമെന്നും ഇതിഹാസ താരമെന്നുമൊക്കെ ആരാധകര്‍ വിളിച്ചു തുടങ്ങുന്നതിന് മുമ്പ് എല്ലാവരെയും പോലെ നിരന്തരം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്ന വ്യക്തിയായിരുന്നു താനെന്ന് വെളിപ്പെടുത്തി എ. ആര്‍. റഹ്മാന്‍ രംഗത്ത്.

അക്കാലത്ത് എല്ലാ ദിവസവും ആത്മഹത്യയെപ്പറ്റി ചിന്തിച്ചിരുന്നു. പിന്നീട് ധൈര്യശാലിയാകാന്‍ ജീവിതത്തിലെ ആ ഘട്ടം സഹായിച്ചെന്നും ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് കൂടിയായ റഹ്മാന്‍ പറയുന്നു. സംഗീതസംവിധായകന്‍ കൂടിയായിരുന്ന അച്ഛന്‍ ആര്‍ കെ ശേഖര്‍ റഹ്മാന് ഒന്‍പത് വയസ്സുള്ളപ്പോഴാണ് മരിക്കുന്നത്. അച്ഛന്റെ മരണശേഷം അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും ശൂന്യതയെക്കുറിച്ചും തുറന്നുപറയുകയാണ് റഹ്മാന്‍.

”25 വയസ്സാകുന്നതുവരെ ആത്മഹത്യയെപ്പറ്റി ചിന്തിച്ചിരുന്നു. പിതാവിനെ നഷ്ടപ്പെട്ട ശേഷം ഒരു ശൂന്യതയായിരുന്നു. ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. ഒരര്‍ഥത്തില്‍ നോക്കിയാല്‍ ആ സംഭവങ്ങളെല്ലാം എന്നെ ധൈര്യശാലിയാക്കി മാറ്റി. ”എല്ലാവരും ഒരിക്കല്‍ മരിക്കും. എല്ലാ വസ്തുക്കള്‍ക്കും ഒരു കാലാവധി ഉണ്ടാകില്ലേ? പിന്നെ എന്തിനാണ് പേടിക്കുന്നത്?”

ചെന്നൈയിലെ വീട്ടില്‍ സ്വന്തമായി റെക്കോര്‍ഡിങ് സ്റ്റുഡിയോ തുടങ്ങിയതിന് ശേഷമാണ് ജീവിതത്തില്‍ മാറ്റങ്ങളുണ്ടായതെന്നും റഹ്മാന്‍ പറഞ്ഞു. ”അച്ഛന്‍ മരിച്ചതിന് ശേഷം അധികം സിനിമകളൊന്നും ഏറ്റെടുത്തിരുന്നില്ല. 35 ഓഫറുകള്‍ വന്നു. രണ്ടെണ്ണം മാത്രമാണ് ചെയ്തത്. എല്ലാവരും അത്ഭുതപ്പെട്ടു, ഞാനെങ്ങനെ അതിജീവിക്കുമെന്ന്. നിനക്കെല്ലാമുണ്ടല്ലോ, പിന്നെന്താണെന്ന് ചോദിച്ചു. പക്ഷേ എനിക്കൊന്നിനും കഴിഞ്ഞില്ല. ഒരു തരം മരവിച്ച അവസ്ഥ.

”മരണശേഷം അച്ഛന്റെ സംഗീതോപകരണങ്ങള്‍ വാടകക്ക് നല്‍കിയാണ് കുടുംബം കഴിഞ്ഞിരുന്നത്. കുഞ്ഞുനാളില്‍ തന്നെ സംഗീതലോകത്തേക്ക് കടന്നു. ”പന്ത്രണ്ട് വയസ്സിനും 22 വയസ്സിനുമിടയില്‍ ഞാന്‍ എല്ലാം അവസാനിപ്പിച്ചു. സാധാരണയാളുകള്‍ ചെയ്യുന്നത് ചെയ്യേണ്ടെന്ന് തീരുമാനിച്ചു. അതെന്നെ ബോറടിപ്പിക്കുമെന്ന് തോന്നി.

1992ല്‍ പുറത്തിറങ്ങിയ റോജയിലൂടെ തന്റെ ഇരുപതാം വയസ്സിലാണ് റഹ്മാന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്. അതിന് തൊട്ടുമുന്‍പ് കുടുംബത്തോടൊപ്പം ഇസ്ലാം മതം സ്വീകരിച്ചു. കഴിഞ്ഞ കാലത്തെ ഓര്‍മ്മകള്‍ വേട്ടയാടാതിരിക്കാന്‍ റഹ്മാന്‍ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു.

ദിലീപ് കുമാര്‍ എന്ന പഴയ പേരുമാറ്റി റഹ്മാന്‍ എന്ന പേര് സ്വീകരിച്ചു. ”ദിലീപ് കുമാര്‍ എന്ന പേര് എനിക്കിഷ്ടമല്ലായിരുന്നു. കാരണമറിയില്ല. എന്റെ വ്യക്തിത്വവുമായി ചേര്‍ന്നുപോകുന്നില്ലായിരുന്നു ആ പേര്. കഴിഞ്ഞ കാലത്തിന്റെ ഭാരം എനിക്ക് ഇറക്കിവെക്കണമായിരുന്നു. മൊത്തത്തില്‍ ഒരു മാറ്റമാണ് ഞാന്‍ ആഗ്രഹിച്ചത്.” റോജക്ക് പിന്നാലെ കരിയറില്‍ ഉയര്‍ച്ച മാത്രം. ഒരിക്കലും തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. നോട്ട്‌സ് ഓഫ് എ ഡ്രീം എന്ന തന്റെ ജീവചരിത്രത്തിന്റെ പ്രകാശനച്ചടങ്ങിലാണ് റഹ്മാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Related posts