സഹതടവുകാര്‍ പഞ്ഞിക്കിടുമെന്ന ഭീതിയില്‍ അരുണ്‍ ആനന്ദ്…കുട്ടിയുടെ അമ്മയെയും പ്രതി ചേര്‍ക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സൂചന; യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍…

ഏഴുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ അരുണ്‍ ആനന്ദിന് ജയിലിലെ സഹതടവുകാരാല്‍ മര്‍ദ്ദിക്കപ്പെടുമെന്ന് ഭയം.തടവുകാരില്‍ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുണ്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. റിമാന്‍ഡിലായ അരുണ്‍ ഇപ്പോള്‍ മുട്ടം ജില്ലാ ജയിലിലാണ്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്റെ ആവശ്യം നാളെ കോടതി പരിഗണിക്കും.നാലുവയസുകാരനായ ഇളയകുട്ടിക്കെതിരേ െലെംഗികാതിക്രമം നടത്തിയ കേസില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

എന്നാല്‍ കുട്ടിയുടെ മാതാവായ യുവതിയുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രണ്ടു കുട്ടികളെയും ക്രൂരമായി മര്‍ദിച്ചിരുന്ന അരുണ്‍ തന്നെയും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി കൗണ്‍സലിംഗിനിടെ പറഞ്ഞിരുന്നു. സംഭവദിവസം കുട്ടിയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച യുവതിയുടെ മുഖത്ത് അടിയേറ്റിരുന്നു. മുഖത്തും ദേഹമാസകലവും മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് യുവതിയുടെ അമ്മയും പോലീസിനോട് പറഞ്ഞിരുന്നു.

ഇതേത്തുടര്‍ന്ന് യുവതിയെ കൂടുതല്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. മുമ്പ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ അടിയേറ്റതിന്റെയും തൊഴിയേറ്റതിന്റെയും പാടുകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വടികൊണ്ട് അടിച്ചതിന്റെയും തൊഴി ഏറ്റതിന്റെയും പാടുകള്‍ ശരീരത്തിലുണ്ട്. ദീര്‍ഘകാല മര്‍ദ്ദനത്തിന്റെ ചതവുകളും യുവതിയുടെ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജിലും ചൊവ്വാഴ്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും. പ്രതിയുടെ ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ടുള്ള ദുരൂഹ ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയും യുവതിയും കുട്ടികളെ തനിച്ചാക്കി രാത്രികാലങ്ങളില്‍ കറങ്ങിനടക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാനാണെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. ഇതില്‍ ദുരൂഹത ഉള്ളതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തും.ക്രൂരകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതിന് കുട്ടിയുടെ അമ്മയെ പ്രതിചേര്‍ക്കാനുള്ള നടപടികളും പൊലീസ് തുടങ്ങി. കേസില്‍ പീഡനം മറച്ചുവെച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് ആലോചന. പരാതിക്കാരിയാണ് നിലവില്‍ അമ്മ.

Related posts