അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു ! അന്ത്യം ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ച്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി(66) അന്തരിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ച് ഉച്ചയ്ക്ക് 12.07നായിരുന്നു അന്ത്യം.
രാജ്യസഭ മുന്‍ പ്രതിപക്ഷ നേതാവായിരുന്നു. 2014 മേയില്‍ മോദി സര്‍ക്കാരില്‍ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്ന ജയ്റ്റ്‌ലി 1998-2004 കാലയളവില്‍ വാജ്‌പെയ് മന്ത്രിസഭയിലും അംഗമായിരുന്നു.

ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക് എത്തിയ ജയ്റ്റ്‌ലി അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതല്‍ തടവിലായിരുന്നു. 1973-ല്‍ അഴിമതിക്കെതിരെ തുടങ്ങിയ ജെപി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1989 ല്‍ വി.പി.സിംഗിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലും ആയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 1991 മുതല്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗമാണ്. സംഗീത ജയ്റ്റ്‌ലിയാണ് ഭാര്യ. മക്കള്‍: റോഹന്‍, സൊണാലി.

Related posts