ഗുവാഹത്തി: ആസാമിൽ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ ഗുവാഹത്തിയിലെ ഖനപരയിലുള്ള വെറ്ററിനറി കോളജ് മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുക എന്നതിനായിരിക്കും പുതിയ സർക്കാർ പ്രഥമ പരിഗണന നൽകുകയെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ആസാമിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി എൻഡിഎ സർക്കാർ ഭരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരുടെ അന്തിമ പട്ടിക തയാറായിട്ടില്ല. കേന്ദ്രമന്ത്രി ജെ.പി.നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനമാകുകയുള്ളൂവെന്നും ഹിമന്ത വ്യക്തമാക്കി.
