തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകാതെ തര്‍ക്കം തുടരുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് നില്ക്കുന്ന രമേശ് ചെന്നിത്തല, വി.ഡി.സതീശന്, കെ.സി. വേണുഗോപാല്‍ എന്നിവരില്‍ ആരെ പരിഗണിക്കണമെന്ന കാര്യത്തില്‍ എട്ടു ദിവസമായിട്ടും തീരുമാനിക്കാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന്റെ സംഘടന ദൗര്‍ബല്യമായി പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തി കഴിഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാതെ ഹൈക്കമാന്‍ഡും പ്രതിസന്ധിയിലായിരിക്കുകയാണ്. സോണിയാഗാന്ധിയുടെ വസതിയില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് വീണ്ടും യോഗം ചേരുന്നുണ്ട്. മുന്‍ കെപിസിസി അധ്യക്ഷന്മാരെയും വര്‍ക്കിംഗ് പ്രസിഡന്റുമാരുടെയും അഭിപ്രായം തേടാനാണ് ഇന്ന് വീണ്ടും യോഗം ചേരുന്നത്.
കെപിസിസി മുന്‍ പ്രസിഡന്റുമാരായിരുന്ന വി.എം. സുധീരന്, കെ. മുരളീധരന്, മുല്ലപ്പള്ളി രാമചന്ദ്രന്, എം.എം ഹസന് കൂടാതെ കെപിസിസി ഭാരവാഹികളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് , എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരുടെ അഭിപ്രായം ഹൈക്കമാന്‍ഡ് വീണ്ടും തേടും. രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.
കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം എംഎല്‍എമാരും പിന്തുണയ്ക്കുന്ന കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതിനെ എതിര്‍ക്കുന്ന സമീപനവും സമ്മര്‍ദ്ദവുമാണ് മുസ്ലിംലീഗ് ഹൈക്കമാന്‍ഡിന് മേല്‍ പുലര്‍ത്തുന്നത്. പ്രിയങ്കാ ഗാന്ധിക്ക് മേലും ലീഗിന്റെ സമ്മര്‍ദ്ദമുണ്ട്. മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ സോണിയാഗാന്ധി അന്തിമ തീരുമാനമെടുക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നത്തെ യോഗത്തില്‍ നേരിട്ട് പങ്കെടുക്കുന്നില്ല. അദ്ദേഹം ബംഗളൂരിലാണുള്ളത്.
അതേ സമയം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് നടത്തുന്ന ഇടപെടലില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും കടുത്ത അതൃപ്തിയും അമര്‍ഷവുമുണ്ട്. എന്നാല്‍ പലരും തുറന്ന് പറയാന്‍ മടിക്കുകയാണ്. തങ്ങളെ ടാര്‍ഗറ്റ് ചെയ്യുമോയെന്ന ആശങ്കയാണ് പല നേതാക്കള്‍ക്കും ഉള്ളത്.
കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ അഭിപ്രായം വ്യക്തമാക്കിയ മാത്യു കുഴല്‍നാടനെതിരെ മുസ്ലിംലീഗ് നേതാക്കളും യൂത്ത് ലീഗും നടത്തിയ പോര്‍വിളികളും അധിക്ഷേപവും ഡല്‍ഹിയിലെത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് നേരെ എംഎസ്എഫ് നടത്തിയ അപമാനകരമായ സംഭവങ്ങളിലും കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.
ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് കൈകടത്തില്‍ നടത്തുന്നത് എല്‍ഡിഎഫും ബിജെപിയും രാഷ്ട്രീയപരമായി പ്രയോജനപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആശങ്ക.വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് തെരുവില്‍ വൈകാരിക പ്രകടനം നടത്തിയവരില്‍ ഭൂരിഭാഗം പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.
