കൊച്ചി: സംസ്ഥാനത്ത് വേനല്‍ച്ചൂടില്‍ കുളിര്മയേകാനായി കുടുംബശ്രീയുടെ ഗുണമേന്മയുള്ള വിഷരഹിത തണ്ണിമത്തന് വിപണിയിലൂടെയുള്ള വിറ്റുവരവ് 6.78 കോടി രൂപ. കുടുംബശ്രീ കഴിഞ്ഞ ഡിസംബറില്‍ തുടക്കമിട്ട വേനല്മധുരം തണ്ണിമത്തന്കൃഷി കാമ്പയിന്റെ ഭാഗമായി ഉത്പാദിപ്പിച്ച തണ്ണിമത്തനുകളുടെ വില്പനയിലൂടെയാണ് ഈ നേട്ടം. ഫെബ്രുവരി അവസാന വാരം മുതല്‍ ഇന്നലെവരെയുള്ള കണക്കാണിത്. വില്പന തുടരുകയാണ്.
പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലുമായി കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്ത സംഘങ്ങള്‍ അഥവാ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ (ജെഎല്‍ജി) 817.78 ഏക്കറിലാണ് തണ്ണിമത്തന് കൃഷി ചെയ്തത്.
44,55,680 ടണ്‍ തണ്ണിമത്തന് ഉത്പാദിപ്പിച്ചു. 3.91 കോടി രൂപയുടെ വിറ്റുവരവുമായി കാസര്‍ഗോഡ് ജില്ലയാണ് മുന്നില്‍. ഇവിടെ 2, 793 ടണ്‍ തണ്ണിമത്തനാണ് കൃഷിചെയ്തത്. 99.54 ലക്ഷം രൂപയുടെ വിറ്റുവരവുമായി മലപ്പുറം ജില്ല രണ്ടാം സ്ഥാനത്തും 80.24 ലക്ഷം രൂപയുടെ വിറ്റുവരവുമായി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. ആകെ 6,711 സിഡിഎസുകളിലായി 817.78 ഏക്കര്‍ സ്ഥലത്താണ് വേനല്‍ മധുരം തണ്ണിമത്തന് കൃഷി ചെയ്തത്.
കുടുംബശ്രീ ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന തണ്ണിമത്തന് കൃഷി കാമ്പയിന് മുഖേന പ്രാദേശികമായി തണ്ണിമത്തന് കൃഷി പ്രോത്സാഹിപ്പിക്കുക, പൊതുജനങ്ങളിലേക്ക് തണ്ണിമത്തന് എത്തിക്കുക, അതിലൂടെ അയല്ക്കൂട്ടാംഗങ്ങളായ ജെഎല്‍ജി അംഗങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുകയും കൂടുതല്‍ അയല്ക്കൂട്ടാംഗങ്ങളെ കാര്‍ഷികമേഖലയിലേക്ക് എത്തിക്കുകയും ചെയുക എന്നതാണ് പ്രധാന ലക്ഷ്യം നിലവിലെ വിപണന വിലക്ക് അനുയോജ്യമായാണ് വില്പന നടക്കുന്നത്.
കുടുംബശ്രീ വിപണന കേന്ദ്രങ്ങള്‍ വഴിയും മറ്റു ചന്തകള്‍ വഴിയും തണ്ണിമത്തന് ലഭ്യമാകും. കിരണ്‍, മഹാരാജ, അപൂര്‍വ, ഷുഗര്‍ ബേബി, പക്കീസ, ഷുഗര്‍ ക്വീന്‍, ജൂബിലി കിംഗ്, യെല്ലോ മഞ്ച്, ഓറഞ്ച് ഡിലൈറ്റ് അര്‍ക്ക, മ്യൂക്കാസ, നാംധാരി, ഇറാനി, സ്വാമ, തുടങ്ങിയ വിവിധ ഇനങ്ങളാണ് കാമ്പയിന്റെ ഭാഗമായി കൃഷി ചെയ്തത്.
കുറഞ്ഞത് ഒരു ഏക്കറിലെങ്കിലും കൃഷി ചെയ്യുന്ന സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് തണ്ണിമത്തന് കൃഷി ചെയ്യുന്നതിനും നിലമൊരുക്കുന്നതിനും നടീല്‍ വസ്തുക്കള്‍ വാങ്ങുന്നതിനും പരമാവധി 25,000 രൂപ വരെ റിവോള്‍വിംഗ് ഫണ്ട് ആയി കുടുംബശ്രീ സിഡിഎസ് മുഖേന ലഭ്യമാക്കിയിരുന്നുവെന്ന് കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ.എസ്. ഷാനവാസ് പറഞ്ഞു.
ജില്ല-ഏക്കര്‍-ഉത്പാദനം-വിറ്റുവരവ്
- തിരുവനന്തപുരം-39.6-14,024 കിലോ-5,01,898 രൂപ
- കൊല്ലം-31.2-63,588 കിലോ-10,95,365 രൂപ
- പത്തനംതിട്ട-23.75-4,666 കിലോ-1,76,898 രൂപ
- ആലപ്പുഴ-14-1,580 കിലോ-86,200 രൂപ
- കോട്ടയം-56.01-4,48,600 കിലോ-49,34,800 രൂപ
- ഇടുക്കി-8-1,432 കിലോ-36,800 രൂപ
- എറണാകുളം-55.8-58,326 കിലോ-14,58,120 രൂപ
- തൃശൂര്‍-62.2-4,01,234 കിലോ-80,34,680 രൂപ
- പാലക്കാട്-11.7-10,485 കിലോ-2,47,740 രൂപ
- മലപ്പുറം-116.97-559500 കിലോ-99,54,000 രൂപ
- കോഴിക്കോട്-11.85-55,660 കിലോ-16,14,140 രൂപ
- വയനാട്-8.2-163 കിലോ-4,390 രൂപ
- കണ്ണൂര്‍-52.5-42,520 കിലോ-8,32,500 രൂപ
- കാസര്‍ഗോഡ്-326-27,93,000 കിലോ-3,91,02,000 രൂപ
സീമ മോഹന്‍ലാല്‍
