കോട്ടയം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചും ജില്ലയിലെ മുന്നണികളും സ്ഥാനാര്‍ഥികളും. മൂന്നു മുന്നണികളും വിജയത്തില്‍ കുറഞ്ഞൊന്നും കണക്കുകൂട്ടുന്നില്ല.കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകൾ എല്‍ഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ വലിയ തിരിച്ചുവരവ് നടത്തുമെന്ന് യുഡിഎഫ് ക്യാമ്പ് അവകാശപ്പെടുന്നു. ജില്ലയില്‍ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നാണ് എൻഡിഎയുടെ അവകാശവാദം.
ഏഴിടത്ത് ജയം ഉറപ്പിക്കുന്ന യുഡിഎഫ് ഏറ്റുമാനൂരിൽ അട്ടിമറി ജയം നേടുമെന്നും അവകാശപ്പെടുന്നുണ്ട്.ചാണ്ടി ഉമ്മനും തിരുവഞ്ചൂർ രാധാകൃഷ്ണനും റിക്കാർഡ് ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും യുഡിഎഫ് ക്യാമ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു.
പൂഞ്ഞാറിൽ വ്യക്തമായ മേല്‍കൈ ലഭിക്കുമെന്നാണ് കണക്കുകള്‍ നിരത്തി യുഡിഎഫ് പറയുന്നത്. ചങ്ങനാശേരിയിലും പാലായിലും കടുത്തുരുത്തിയിലും മികച്ച വിജയമുണ്ടാകുമെന്നും യുഡിഎഫ് ക്യാമ്പ് പ്രതീക്ഷ വയ്ക്കുന്നുണ്ട്.
കഴിഞ്ഞ തവണത്തെ അഞ്ച് സീറ്റ് ഇക്കുറി ആറായി വർധിപ്പിക്കുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം. സിറ്റിംഗ് സീറ്റുകൾക്ക് പുറമേ പാലായിൽ കൂടി വിജയിക്കുമെന്നാണ് എൽഡിഎഫിന്റെ കണക്ക്. വൈക്കം ഇത്തവണയും തുണയ്ക്കുമെന്ന് സിപിഐയും കണക്കുകൂട്ടുന്നു.
മൂന്നു മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം സൃഷ്ടിക്കാനായെന്നും ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും എൻഡിഎയും കണക്കുകൂട്ടുന്നു. പൂഞ്ഞാർ, പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ കനത്ത മത്സരം നൽകാനായെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
