തലശേരി: പാനൂർ പാറാട്ട് ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസ് വാഹനം തകർക്കുകയും മുസ്ലിം ലീഗ് ഓഫീസ് ആക്രമിക്കുകയും വടിവാൾ ഉയർത്തി ഭീഷണി ഉയർത്തുകയും ചെയ്ത സംഘത്തിലെ പ്രതികളായ അഞ്ച് സിപിഎം പ്രവർത്തകരെ കർണാടകയിലെ ഒളിയിടത്തിൽ നിന്ന് പോലീസ് അറസ്റ്റുചെയ്തു.
ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായി മാറിയ പാറാട്ടെ വടിവാൾ പ്രയോഗം നടത്തിയ പാറാട്ട് മൊട്ടേമ്മൽ ശരത്ത് (29), കുങ്കിച്ചീന്റവിട അതുൽ (32), പുത്തൂർ കല്ലായിന്റവിട അശ്വന്ത് (25), പട്ടർ വലിയത്ത് ശ്രീജിൻ (24), ശ്രുതിലയത്തിൽ ശ്രേയസ് (26) എന്നിവരെയാണ് കൂത്തുപറമ്പ് എസിപി എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൈസൂർ ബോഘാടിയയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കർണാടകയിലേക്കു കടന്ന പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യംചെയ്തശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ആയുധങ്ങൾ കണ്ടെടുക്കുകയും തെളിവെടുപ്പു നടത്തുകയും ചെയ്യുമെന്നു പോലീസ് അറിയിച്ചു.
തെരഞ്ഞെടുപ്പുഫലം വന്ന ദിവസം ആഹ്ലാദപ്രകടനത്തിനിടെയാണു പാറാട്ട് അക്രമസംഭവങ്ങൾ അരങ്ങേറിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മുഖ്യപ്രതി ശരത്ത് വാളുമായി ഒരു വീട്ടിൽ അതിക്രമിച്ചു കയറുകയും ഗൃഹനാഥനു നേരെ വാളുയർത്തുകയും ചെയ്യുന്ന ചിത്രം പുറത്തു വന്നിരുന്നു.
സംഭവത്തിൽ പ്രതികളായ നാല് സിപിഎം പ്രവർത്തകരെ നേരത്തെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ജീവൻ (30), റനീഷ് (31), ശ്രീജു (30), സച്ചിൻ (32) എന്നിവരെയാണ് നേരത്തെ കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരേയാണു സംഭവത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത്.പാറാട്ടെ അക്രമത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരേയും പോലീസ് കേസെടുക്കുകയും പ്രതികൾക്കായി റെയ്ഡ് നടത്തുകയും ചെയ്തു.
