പനമരം(വയനാട്): പച്ചിലക്കാട്ടെ ജനവാസമേഖലയിലെത്തി ആശങ്കപരത്തുന്ന കടുവയെ തുരത്താൻ സാധിക്കാത്തതിനാൽ മയക്കുവെടിവച്ച് പിടികൂടാനുള്ള വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറങ്ങി.
കടുവയെ കാടുകയറ്റുന്നതും പരാജയപ്പെട്ട സ്ഥിതിക്ക് ബുധനാഴ്ച കൂടുവച്ച് പിടികൂടാൻ ശ്രമം നടത്തും. ഇത് പരാജയപ്പെട്ടാൽ കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമങ്ങളായിരിക്കും നടക്കുക.
പാതിരി സൗത്ത് സെക്ഷൻ വനത്തിൽനിന്ന് ജനവാസമേഖലയിലേക്ക് ഇറങ്ങിയ കടുവയെ രണ്ടുദിവസം പിന്നിട്ടിടും പിടികൂടാത്തതിൽ നാട്ടുകാർ ആശങ്കയിലാണ്. തിങ്കളാഴ്ച പച്ചിലക്കാട് പടിക്കംവയൽ പരിസരത്തുണ്ടായിരുന്ന കടുവ ചൊവ്വാഴ്ച ഒന്നരക്കിലോമീറ്ററോളം മാറി പുളിക്കൽവയലിലെത്തി.
പുളിക്കൽവയലിലെ ഉന്നതിക്ക് സമീപമുള്ള ജനവാസമേഖലയോട് ചേർന്നുകിടക്കുന്ന നെൽപ്പാടത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കടുവയെ ആദ്യം കണ്ടത്.
