കടുത്ത തീരുമാനവുമായി ഓസ്‌ട്രേലിയ ! പതിനായിരം ഒട്ടകങ്ങളെ വെടിവെച്ചു കൊല്ലും; ഞെട്ടിക്കുന്ന തീരുമാനത്തിനു പിന്നിലുള്ളത്…

രാജ്യത്തെ വെണ്ണീറാക്കിയ കാട്ടുതീ അണയ്ക്കാന്‍ ആവശ്യമായ വെള്ളം കിട്ടാതായതോടെ പതിനായിരം ഒട്ടകങ്ങളെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനവുമായി ഓസ്‌ട്രേലിയ. 2019 സെപ്തംബറില്‍ ആരംഭിച്ച കാട്ടുതീ ഓസ്‌ട്രേലിയയ്ക്കു മാത്രമല്ല ലോക ആവാസ വ്യവസ്ഥയ്ക്കു തന്നെ വലിയ നാശമാണുണ്ടാക്കിയത്. ഇതിനു പിന്നാലെയാണ് ഒട്ടകങ്ങളെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനം.

കാട്ടുതീയുടെ പിന്നാലെ വരള്‍ച്ച നേരിടുന്ന മേഖലകളിലുള്ള വീടുകളിലേക്ക് വനപ്രദേശങ്ങളില്‍ നിന്ന് ഒട്ടകങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതിനു പിന്നിലെന്നാണ് ഓസ്‌ട്രേലിയയിലെ വനംവകുപ്പ് അധികൃതര്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നത്. ജനവാസ മേഖലകളിലെ ജല സംഭരണികള്‍ ഇവ കൂട്ടമായെത്തി കാലിയാക്കുന്നത് കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങളേയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന.

മാത്രമല്ല വീടുകളിലേക്ക് കയറി വരുന്ന ഒട്ടകങ്ങള്‍ ആളുകളെ ആക്രമിക്കുകയും എസിയും ഫ്രിഡ്ജും അടക്കമുള്ള ഉപകരണങ്ങള്‍ തകര്‍ത്ത് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതും ന്യൂ സൗത്ത് വെയില്‍സ് മേഖലയില്‍ സ്ഥിരസംഭവമായിരിക്കുകയാണ്. വനമേഖലയിലെ ഒട്ടകങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയുടെ കണക്കുകള്‍ പ്രകാരം ഇവയുടെ എണ്ണം നിയന്ത്രിച്ചില്ലെങ്കില്‍ ഓരോ ഒമ്പത് വര്‍ഷങ്ങളില്‍ ഇരട്ടിയായി വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍. പ്രത്യേക പരിശീലനം ലഭിച്ച ഷൂട്ടര്‍മാര്‍ ഹെലികോപ്റ്ററുകളില്‍ നിന്ന് ഒട്ടകങ്ങളെ വെടിവയ്ക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്.

നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പ് മേഖലയിലെ ആദിവാസി സമൂഹത്തിന്റെ അനുമതിക്കായി കാത്തിക്കുകയാണ് വനംവകുപ്പ്. ഓസ്‌ട്രേലിയയിലെ നിരവധി ഇടങ്ങളില്‍ വെള്ളത്തിന് വേണ്ടി വനമേഖലയിലെ ഒട്ടകങ്ങള്‍ എത്തുന്നുണ്ട്. നാലുലക്ഷം കാറുകള്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന് തുല്യമായ കാര്‍ബണ്‍ എമിഷന്‍ പത്ത് ലക്ഷം ഒട്ടകങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. കാര്‍ബണ്‍ പുറംതള്ളല്‍ തടയാനും ഒട്ടകങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് സഹായിക്കുമെന്നാണ് ഊര്‍ജ- പരിസ്ഥിതി വകുപ്പിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത്തരം കൂട്ടക്കൊലയ്‌ക്കെതിരേ കനത്ത പ്രതിഷേധമാണ് മൃഗസംരക്ഷക സംഘടനകള്‍ ഉയര്‍ത്തുന്നത്.

Related posts