എനിക്ക് അഞ്ച് പെണ്‍ മക്കളാണ്…ആറാമത്തെ മകളായി ഞാന്‍ നിര്‍ഭയയെ മനസ്സില്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞു! അവളുടെ ഘാതകരെ തൂക്കിലേറ്റുന്ന പുണ്യമുഹൂര്‍ത്തത്തിനായി കാത്തിരിക്കുന്നുവെന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദ്…

രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൊലക്കേസ് പ്രതികളെ തൂക്കിലേറ്റാന്‍ താന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദ്. കഴിഞ്ഞ നാലുമാസമായി ഈ നിമിഷത്തിനുവേണ്ടി താന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും ഒടുവില്‍ തന്നെത്തേടി ആ വിളി എത്തിയിരിക്കുകയാണെന്നും ജല്ലാദ് പറയുന്നു. പ്രതികളെ തൂക്കിലേറ്റും മുന്‍പ് ആരാച്ചാര്‍ മദ്യപിക്കുമെന്നത് കെട്ടുകഥയാണെന്നും ഒരു തുള്ളി മദ്യം പോലും കഴിക്കാതെയാകും താന്‍ ഈ കൃത്യം നിര്‍വഹിക്കുകയെന്നും ജല്ലാദ് തുറന്നു പറയുന്നു.

നാലു പേരെയും തൂക്കിക്കൊന്നാല്‍ ഒരു ലക്ഷം രൂപയാണ് തനിക്ക് പാരിതോഷികമായി സര്‍ക്കാര്‍ നല്‍കുകയെന്നും പവന്‍ പറയുന്നു. ആ തുക കൊണ്ട് മകളുടെ വിവാഹം നന്നായി നടത്താനാകുമെന്നും ഈ മീററ്റ് സ്വദേശി പറയുന്നു. ജില്ല വിട്ട് പുറത്ത് പോകരുതെന്ന് ജില്ലാ ഭരണകൂടം ആരാച്ചാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഡമ്മി പരിശോധനയ്ക്കായി ജല്ലാദിനെ ജയില്‍ അധികൃതര്‍ തിഹാര്‍ ജയിലിലേക്ക് എത്തിക്കും. ഒരാളെ തൂക്കിലേറ്റുന്നതിന് 25,000 രൂപയാണ് ജലാദിന് ജയില്‍ അധികൃതര്‍ നല്‍കുക. നാലുപേരെ ഒന്നിച്ച് തൂക്കിലേറ്റമ്പോഴാണ് പ്രതിഫലം ഒരു ലക്ഷം രൂപയായി വര്‍ദ്ധിക്കുന്നത്.

എനിക്ക് അഞ്ച് പെണ്‍ മക്കളാണ്. ആറാമത്തെ മകളായി ഞാന്‍ നിര്‍ഭയയെ മനസ്സില്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞു. അവളുടെ ഘാതകരായ നാല് രാക്ഷസന്‍മാരെയും തൂക്കിക്കൊല്ലാനുള്ള അവസരം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമുഹൂര്‍ത്തമായിരിക്കും. ഈ നാലുപേരെയും ഒന്നിച്ചു തൂക്കിലേറ്റാന്‍ എനിക്കൊരു ബുദ്ധിമുട്ടുമില്ല. ലോകത്തിനുതന്നെ മതിയായ ഒരു സന്ദേശമാകണം ഈ പിശാചുക്കളുടെ അന്ത്യം. ഈ നരാധമന്മാരുടെ പ്രവര്‍ത്തി അത്രയ്ക്ക് പൈശാചികമായിരുന്നില്ലേ ? ‘ ആരാച്ചാര്‍ പവന്‍ സന്തോഷം മറച്ചു വയ്ക്കുന്നില്ല.

പവനോട് തയ്യാറായിരിക്കാന്‍ ഉത്തര്‍പ്രദേശ് ഡിജിപിയുടെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ തൂക്കി കൊല്ലുന്നത് 22ന് എന്ന അറിയിപ്പ് പവന് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹം തയ്യാറെടുപ്പുകള്‍ നടത്തിവരുകയാണ്. അറിയിപ്പ് ലഭിച്ചാലുടന്‍ തീഹാര്‍ ജയിലിലെത്തും. ഉത്തര്‍പ്രദേശില്‍ ആകെയുള്ളത് രണ്ട് ആരാച്ചാര്‍മാരാണ്. മീററ്റ് സ്വദേശിയായ പവനും മറ്റൊരാള്‍ ലക്നൗ സ്വദേശിയും. അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ യാത്ര ചെയ്യാനാകില്ല. അതുകൊണ്ടു തന്നെ ഈ നാലുപേരെയും കൊലമരത്തിലേറ്റുക പവന്‍ തന്നെയായിരിക്കുമെന്നുറപ്പാണ്.

തൂക്കിക്കൊല്ലുന്ന വ്യക്തിയുടെ കാതില്‍ ആരാച്ചാര്‍ മാപ്പപേക്ഷിക്കുന്ന ഒരു ചടങ്ങുണ്ട്.’ ഞാന്‍ നീതിപീഠത്തെ അനുസരിക്കേണ്ടവനാണ്. എന്നോട് വിരോധമൊന്നും തോന്നരുത്. വിടപറയും മുന്‍പ് എനിക്ക് മാപ്പു നല്‍കണം’. ഇതാണ് കഴുമരമേറുന്ന വ്യക്തിയുടെ കാതില്‍ ആരാച്ചാര്‍ മന്ത്രിക്കുക. എന്നാല്‍ ഈ നാലുപേരുടെയും കാര്യത്തില്‍ ഇതാദ്യമായി ആരാച്ചാരുടെ വക മാപ്പപേക്ഷയുണ്ടാകില്ലെന്നും പവന്‍ വ്യക്തമാക്കി. അതിനുള്ള അര്‍ഹത ഇവര്‍ക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Related posts