താമരശേരി: യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. ഈങ്ങാപ്പുഴ കക്കാട് സ്വദേശിനിയാണ് താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ വരുന്ന വഴി അമ്പായത്തോട് വച്ച് പ്രസവിച്ചത്.
പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. യുവതിയുടെ അയൽക്കാരനായ നാസർ കക്കാടാണ് ഓട്ടോ ഓടിച്ചിരുന്നത്. ഡോകടർമാരും, നഴ്സുമാരും, സുരക്ഷാ ജീവനക്കാരും ചേർന്ന് ആശുപത്രിയിൽവച്ച് അടിയന്തര വൈദ്യസഹായം നൽകി.
ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും ഡേറ്റ് ആയിട്ടില്ല രണ്ടു ദിവസം കഴിഞ്ഞിട്ട് വന്നാൽ മതി എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
വീട്ടിൽ എത്തിയ ശേഷം വേദന വന്നതിനെ തുടർന്നാണ് മാതാവിനൊപ്പം ഓട്ടോറിക്ഷയിൽ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രിയിൽ എത്തുന്നതിന് മൂന്ന് കിലോമീറ്റർ അകലെ വച്ചാണ് പ്രസവിച്ചത്.
