കോവിഡ് കാലത്ത് ഓട്ടോ ആംബുലന്‍സ് ആക്കി ! ഓക്‌സിജനും മരുന്നുമായി തന്നാല്‍ കഴിയുന്ന സഹായവുമായി ഒരു ഓട്ടോ ഡ്രൈവര്‍…

രാജ്യത്ത് കോവിഡ് മാരകമാവുമ്പോള്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി മുമ്പോട്ടു വരുന്ന ആളുകളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ.

അത്തരത്തിലൊരാളാണ് ഭോപ്പാലില്‍ നിന്നുള്ള ഓട്ടോ ഡ്രൈവറായ ജാവേദ് ഖാന്‍. കൊവിഡ് രോഗികള്‍ക്ക് അദ്ദേഹം തന്റെ ഓട്ടോയില്‍ സൗജന്യ സവാരി വാഗ്ദാനം ചെയ്യുന്നു.

തന്റെ വാഹനം ആംബുലന്‍സാക്കി മാറ്റിയിരിക്കയാണ് അദ്ദേഹം. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ജാവേദ് കുറഞ്ഞത് 10 പേരെയെങ്കിലും ഇതുപോലെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാമത്തെ കൊവിഡ് തരംഗത്തെ തുടര്‍ന്ന് ആളുകള്‍ ബുദ്ധിമുട്ടുന്നത് കണ്ട് സങ്കടപ്പെട്ട ജാവേദ് ഒരു പൗരനെന്ന നിലയില്‍ മറ്റുള്ളവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും വീട്ടില്‍ വെറുതെ ഇരിക്കാനാവില്ലെന്നും തിരിച്ചറിഞ്ഞു.

തുടര്‍ന്ന്, കുടുംബത്തിന്റെ സമ്മതപ്രകാരം അദ്ദേഹം തന്റെ ഓട്ടോറിക്ഷയെ ഒരു മൊബൈല്‍ ആംബുലന്‍സാക്കി മാറ്റി. അതുകൂടാതെ രോഗികള്‍ക്ക് അത്യാവശ്യമായ ഓക്‌സിജന്‍, സാനിറ്റൈസര്‍, മരുന്നുകള്‍ എന്നിവയും അദ്ദേഹം അതില്‍ സൂക്ഷിച്ചു.

’18 വര്‍ഷമായി ഞാന്‍ ഓട്ടോ ഓടിക്കുന്നു. എന്റെ കുടുംബത്തില്‍ ആര്‍ക്കും ഇതുവരെ അസുഖം വന്നിട്ടില്ലെങ്കിലും, ഇത്രയേറെ ആളുകള്‍ മരിക്കുന്നത് എന്നെ വല്ലാതെ അസ്വസ്ഥതനാക്കി. എന്റെ പക്കലുള്ള കാര്യങ്ങള്‍ ഉപയോഗിച്ച് ഇതിനായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ സാനിറ്റൈസര്‍, കുറച്ച് മരുന്നുകള്‍, ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവ വാങ്ങി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി, ആശുപത്രിയില്‍ എത്താന്‍ 10 പേരെ ഞാന്‍ സഹായിച്ചിട്ടുണ്ട്” ജാവേദ് പറയുന്നു.

ജാവേദിന്റെ ഭാര്യയും അദ്ദേഹത്തെ എല്ലാരീതിയിലും സഹായിക്കാന്‍ തയ്യാറാകുന്നു. തന്റെ സ്വര്‍ണലോക്കറ്റ് വിറ്റിട്ടാണ് ഭാര്യ അദ്ദേഹത്തിന് മരുന്നും മറ്റും വാങ്ങാന്‍ ആവശ്യമായ പണം നല്‍കിയത്.

ഓക്‌സിജന്‍ സിലിണ്ടര്‍ നിറയ്ക്കാന്‍ അദ്ദേഹത്തിന് ദിവസവും 600 രൂപ ചെലവുണ്ട്. പക്ഷേ, ഓക്‌സിജന്റെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം സിലിണ്ടര്‍ വീണ്ടും നിറയ്ക്കാന്‍ ചിലപ്പോള്‍ 4-5 മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും.

എന്നാല്‍, അദ്ദേഹം അതിനും തയ്യാറാണ്. കഷ്ടപ്പെടുന്ന രോഗികള്‍ക്കായി തന്റെ മുഴുവന്‍ സമയവും അദ്ദേഹം മാറ്റിവയ്ക്കുന്നു.

ഭോപ്പാലിലെ ഏത് പ്രദേശത്തുനിന്നും സഹായമാവശ്യമുള്ള ആര്‍ക്കും അദ്ദേഹത്തെ വിളിക്കാമെന്നും അദ്ദേഹം ഉടന്‍ അവിടെയെത്തുമെന്നും ജാവേദ് പറയുന്നു. സാമൂഹ്യ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി ഗ്രൂപ്പുകള്‍ക്ക് തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment