എംടിയുടെ തിരക്കഥയില്ലെങ്കിലും മഹാഭാരതകഥ സിനിമയാകുമെന്ന് ബി.ആര്‍ ഷെട്ടി; എംടിയുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങള്‍ക്കില്ലെന്നും നിര്‍മാതാവ്…

രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചതോടെ രണ്ടാമൂഴം സിനിമയാകുന്ന കാര്യം അനശ്ചിതത്വത്തിലായി. എന്നാല്‍ മഹാഭാരതകഥ സിനിമയാക്കാന്‍ എംടിയുടെ തിരക്കഥ ആവശ്യമില്ലെന്നു പറഞ്ഞുകൊണ്ട് നിര്‍മാതാവും വ്യവസായിയുമായ ബി.ആര്‍.ഷെട്ടി ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. സിനിമയുമായി മുന്നോട്ട് പോകും. എം.ടി ഇക്കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്.

മഹാഭാരതകഥ ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുകയാണ് ലക്ഷ്യം. ഇംഗ്ലീഷില്‍ സിനിമ ഒരുക്കുന്നത് അതിനാണ്. രണ്ട് ഭാഗങ്ങളിലായായിരിക്കും സിനിമ പൂര്‍ത്തിയാക്കുകയെന്നും അദ്ദേഹം പറഞ്ഞു. എം.ടിയുമായി ഇക്കാര്യം താന്‍ സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങള്‍ക്കില്ലെന്നും മംഗലാപുരം സ്വദേശിയായ ഷെട്ടി പറഞ്ഞു. കരാര്‍ പ്രകാരം പറഞ്ഞ സമയത്ത് സിനിമയുടെ ചിത്രീകരണം തുടങ്ങാഞ്ഞതിനെ തുടര്‍ന്നാണ് എം.ടി കോഴിക്കോട് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് മധ്യസ്ഥനെ വയ്ക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍മേനോന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിലേക്ക് കോടതി മാറ്റി.

2014 ഡിസംബറിലെ കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തിനുള്ളില്‍ സിനിമ തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്. രണ്ട് കോടി രൂപയാണ് എം.ടിക്ക് പ്രതിഫലം നല്‍കാമെന്ന് പറഞ്ഞിരുന്നത്. അതേസമയം ഒടിയന്‍ എന്ന സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ട് താന്‍ തിരക്കിലാണെന്നും രണ്ടാമൂഴത്തിന്റെ പ്രാരംഭ ജോലികള്‍ പുരോഗമിക്കുകയാണെന്നും ശ്രീകുമാര്‍മേനോന്‍ എം.ടിയെ നേരില്‍ക്കണ്ട് സംസാരിച്ചെങ്കിലും അദ്ദേഹം തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല. നാല് വര്‍ഷം മുമ്പ് എം.ടി തിരക്കഥ മോഹന്‍ലാലിന് വായിക്കാന്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് മോഹന്‍ലാല്‍ അഭിനയിക്കാമെന്ന് ഉറപ്പും നല്‍കി.

ശ്രീകുമാര്‍ മേനോനാണ് തിരക്കഥയുടെ അവകാശം വാങ്ങിയതെന്ന് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശ്രീകുമാര്‍മേനോന്റെ ഒടിയന്‍ തുടങ്ങിയപ്പോള്‍ തന്നെ സംവിധായകനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട മോഹന്‍ലാല്‍ എം.പത്മകുമാറിനെ ചീഫ് അസോസിയേറ്റ് ഡയറക്ടറാക്കി സെറ്റിലെത്തിച്ചു. ശ്രീകുമാറിനെ വെച്ച് രണ്ടാമൂഴം ഒരുക്കാന്‍ മോഹന്‍ലാലിന് താല്‍പര്യമില്ലെന്നും ചിലര്‍ പറയുന്നു. അതിനാലാണ് താരം ഇക്കാര്യത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുതിരാതെ മൗനം പാലിക്കുന്നതെന്നും അത്തരക്കാര്‍ പറയുന്നു.

Related posts