കൂടെ നില്‍ക്കാന്‍ പറഞ്ഞപ്പോ ജീവന്‍ തന്ന് കൂടെ നിന്നതല്ലേ, എന്നിട്ടും..! വിവാഹവാര്‍ഷികത്തോടനുബന്ധിച്ചുള്ള ബാലഭാസ്‌കറിന്റെ വീഡിയോ പങ്കുവച്ച് സംഗീതസംവിധായകന്‍ ഇഷാന്‍ ദേവ്

സംഗീതസംവിധായകനും വയലിനിസ്റ്റുമായിരുന്ന ബാലഭാസ്‌കറിന്റെ വേര്‍പാട് കുറച്ചൊന്നുമല്ല ആരാധകരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിക്കുകയും വിഷാദത്തിലാക്കുകയും ചെയ്തത്. തങ്ങളുടെ പ്രിയപ്പെട്ട ബാലുവിന്റെയും കുഞ്ഞിന്റെയും വേര്‍പാട് അംഗീകരിക്കാന്‍ പോലും അവര്‍ക്കായിട്ടില്ല.

സംഗീതവും കളിചിരികളും തമാശയുമൊക്കെയായി തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ബാലു തങ്ങളെ വിട്ടുപിരിഞ്ഞതിന്റെ ഞെട്ടല്‍ തെല്ലൊന്ന് ശമിച്ചപ്പോള്‍ ബാലു സമ്മാനിച്ച ഓര്‍മകളാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് തികട്ടി വരുന്നത്. അവയില്‍ നിന്ന് ഒഴിവാകാന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ അവര്‍ പങ്കുവയ്ക്കുന്ന അത്തരം ഓര്‍മകള്‍ സൂചിപ്പിക്കുന്നത്.

ഇത്തരത്തില്‍ , കഴിഞ്ഞ വര്‍ഷം വിവാഹ വാര്‍ഷികത്തോടത്തോടനുബന്ധിച്ചു ബാലഭാസ്‌കര്‍ നല്‍കിയ ഫേസ്ബുക്ക് ലൈവ് പങ്കുവെക്കുകയാണു സംഗീത സംവിധായകന്‍ ഇഷാന്‍ ദേവ്.

ബാലഭാസ്‌കറിന്റെ പഴയ ഫേ്‌സ്ബുക്ക് ലൈവ് ഇഷാന്‍ ദേവ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ‘ കൂടെ നില്ക്കാന്‍ പറഞ്ഞു ജീവന്‍ തന്നു കൂടെ നിന്നു ,അടി വച്ചപ്പോ പിണങ്ങിയപ്പോ പിറകവന്നു വീണ്ടും വീണ്ടും ,കൂടെ ഉള്ള എന്റെ സുഹൃത്തുക്കളെ കാവലാക്കി ഞാനില്ലാത്തപ്പോ, എനിക്ക് കിട്ടാത്തപ്പോ പരാതി പറയാതെ കൂടെ ഓടി ,അവസാനം വരെ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങളെ വിട്ടു പോക്കളഞ്ഞതെന്താ അണ്ണാ .കരയാനും കരയിക്കാനും അണ്ണന്‍ തന്നാ പണ്ടും മിടുക്കന്‍. Miss you Baaluannaa …See you in heaven.’

നവംബര്‍ 18നു വിവാഹം കഴിഞ്ഞു പതിനഞ്ചു വര്‍ഷം തികയുന്ന സമയത്ത് ബാലഭാസ്‌കര്‍ പങ്കുവച്ച വിഡിയോയാണ് ഇത്. ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും അവരെ ഒരുമിപ്പിക്കാന്‍ കൂട്ടുനിന്ന സുഹൃത്തുക്കളോടും നന്ദി പറയുകയാണു വിഡിയോയില്‍.

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനു പുലര്‍ച്ചെയാണു മരിച്ചത്. ഭാര്യ ലക്ഷ്മി ആശുപത്രിയില്‍ ചികിത്സയിലാണ്.

Related posts