ഓഫീസുകളിൽ പോയുള്ള പരമ്പരാഗത ജോലി രീതികളിൽ നിന്നും മാറി, പൂർണമായും റിമോട്ട് വർക്ക് അല്ലെങ്കിൽ വർക്ക് ഫ്രം ഹോം രീതി സ്വീകരിച്ചത് തന്റെ കരിയറിലും വ്യക്തിജീവിതത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കി ഒരു യുവ സംരംഭകൻ രംഗത്ത്. ‘നെക്സ്റ്റ് ഡോർ കമ്പനി’ സ്ഥാപകനായ സങ്കൽപ് സിൻഹയാണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
2018ലാണ് താൻ പൂർണമായും റിമോട്ട് വർക്ക് രീതിയിലേക്ക് മാറിയതെന്നും അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും സങ്കൽപ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ബംഗളൂരുവിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ‘ഓഫീസ്’ എന്നത് മനോഹരമായ ലാൻഡ്സ്കേപ്പോടു കൂടിയ ഒരു ഗേറ്റഡ് കമ്മ്യൂണിറ്റി ആണെന്നും, റിമോട്ട് വർക്ക് തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അവസരങ്ങളാണ് തുറന്നുതന്നതെന്നും അദ്ദേഹം പറയുന്നു.
ജോലി ചെയ്യുന്നതോടൊപ്പം തന്നെ യാത്ര ചെയ്യാനും ഈ രീതി തന്നെ സഹായിച്ചതായി സങ്കൽപ് വ്യക്തമാക്കുന്നു. 2018 മുതൽ ലോകമെമ്പാടുമുള്ള നാൽപ്പതോളം നഗരങ്ങളിൽ താമസിച്ച് അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഓരോ നഗരത്തിലും ശരാശരി മൂന്ന് ആഴ്ചയോളം ചിലവഴിച്ചതിലൂടെ അവിടുത്തെ പ്രാദേശിക സംസ്കാരം അടുത്തറിയാനും, ആളുകളുമായി ഇടപഴകാനും, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ 2026ലും റിമോട്ട് വർക്ക് തുടർന്നുകൊണ്ട് സ്വന്തമായി ഒരു സോഫ്റ്റ്വെയർ കമ്പനി കെട്ടിപ്പടുക്കുകയാണ് ഈ യുവാവ്. ഭാവിയിലും ഒരു സ്ഥിരം ഓഫീസ് തുടങ്ങാൻ തനിക്ക് പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടിലെ ലളിതമായ നിമിഷങ്ങൾ ആസ്വദിക്കാൻ റിമോട്ട് വർക്ക് കൂടുതൽ സമയം നൽകുന്നുണ്ടെന്നും, തന്റെ വീടിന്റെ പിൻമുറ്റത്തെ പുൽത്തകിടിയിലിരുന്ന് ജോലി ചെയ്യുമ്പോൾ എട്ട് വർഷം മുമ്പ് എടുത്ത ആ തീരുമാനത്തോട് വലിയ കൃതജ്ഞത തോന്നാറുണ്ടെന്നും സങ്കൽപ് പറയുന്നു.
ഒരു സാധാരണ മധ്യവർഗ കുടുംബത്തിൽ നിന്നും വന്ന തന്റെ 21 വയസിൽ ചിന്തിക്കാൻ പോലും കഴിയാത്തത്ര സമയവും സ്വാതന്ത്ര്യവും സാമ്പത്തിക ഭദ്രതയുമാണ് റിമോട്ട് വർക്കിലൂടെ തനിക്ക് ലഭിച്ചതെന്നും സങ്കൽപ് സിൻഹ തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
