കൊച്ചി: കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ചതിന് രഞ്ജിനി ഹരിദാസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് അതേ നാണയത്തിൽ മറുപടി നൽകി താരം.
രഞ്ജിനിക്ക് സ്റ്റേജ് ഷോകൾ ഇല്ലാത്തതിനാലും പണം കിട്ടിയതുകൊണ്ടുമാണ് ഡൽഹിയിലെ സമരവേദിയിലേക്ക് പോയതെന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ വിമർശനം.
എന്നാൽ അക്കാര്യം തെളിയിക്കാൻ അവർ ഗോപാലകൃഷ്ണനെ വെല്ലുവിളിച്ചു. ‘ആരാണ് അങ്ങനെ പറഞ്ഞത്? എന്താണ് അയാളുടെ പേര്? കേട്ടിട്ട് പോലുമില്ല. താൻ പണം വാങ്ങിയിട്ടാണ് പോയതെങ്കിൽ അത് ആരോപിച്ചവർ തെളിയിക്കട്ടെ. എത്ര ഫണ്ടാണ് വാങ്ങിയതെന്ന് കൃത്യമായി പറഞ്ഞാൽ അക്കൗണ്ട് പരിശോധിച്ച് മറുപടി നൽകാം’ എന്ന് രഞ്ജിനി പറഞ്ഞു.
പണം വാങ്ങി സമരം ചെയ്യുന്നത് അവരുടെ ശീലമായിരിക്കും. പണം കൊടുത്താലേ ആർട്ടിസ്റ്റുകൾ സമരത്തിന് വരൂ എന്ന് കരുതിയായിരിക്കും അവർ ആളുകളെ വിളിക്കുന്നത്,” എന്ന് രഞ്ജിനി പരിഹസിച്ചു.
രണ്ട് ദിവസം സ്റ്റേജ് ഷോകൾ ഒന്നുമില്ലാതിരുന്നതിനാലാണ് ഡൽഹിക്ക് പോയതെന്നും ഉള്ളിൽ ഒരു ഉലച്ചിൽ ഉണ്ടാകുമ്പോഴാണ് സമരങ്ങളുടെ ഭാഗമാകുന്നതെന്നും രഞ്ജിനി വ്യക്തമാക്കി. മാറ്റത്തിനായി ശബ്ദമുയർത്തുക എന്നത് പ്രധാനമാണ്.
കുറേ ആളുകൾ കൈയടിക്കും, കുറേപ്പേർ വിമർശിക്കും. അത് തന്നെ ബാധിക്കില്ല. തീയിൽ കുരുത്ത താൻ വിദ്യാർഥികളുടെ ഈ സമരത്തിനൊപ്പം അവസാനം വരെയുണ്ടാകുമെന്നും അവർ കൂട്ടിചേർത്തു.
