പരവൂർ: ഡിജിറ്റൽ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽ വൺ മൊബൈൽ ആപ്പ് വഴി റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റുകൾ എടുക്കുന്ന യാത്രക്കാർക്ക് നൽകിവരുന്ന മൂന്ന് ശതമാനം നിരക്കിളവ് 2027 മാർച്ച് 31 വരെ നീട്ടിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. റെയിൽവേ സ്റ്റേഷനുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും പണരഹിത ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നിരക്കിളവ് നീട്ടാൻ അധികൃതർ തീരുമാനിച്ചത്.
യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് പണമടച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്ന മുഴുവൻ യാത്രക്കാർക്കും ഈ സാമ്പത്തിക ആനുകൂല്യം തുടർന്നും ലഭ്യമാകും. ടിക്കറ്റ് എടുക്കുന്നതിന് പുറമെ ട്രെയിനുകളുടെ സമയക്രമം പരിശോധിക്കാനും, കോച്ചുകളിലോ സ്റ്റേഷനുകളിലോ ഉണ്ടാകുന്ന തകരാറുകൾ സംബന്ധിച്ച പരാതികൾ സമർപ്പിക്കാനും ഈ ഒറ്റ ആപ്പ് വഴി സാധിക്കും.
ഇതോടൊപ്പം ആർ-വാലറ്റ് ഉപയോഗിച്ച് ടിക്കറ്റ് വാങ്ങുന്ന യാത്രക്കാർക്ക് നൽകിവരുന്ന മൂന്ന് ശതമാനം ക്യാഷ്ബാക്ക് ആനുകൂല്യം 2028 ഓഗസ്റ്റ് 24 വരെ നീട്ടിയതായും റെയിൽവേ മന്ത്രാലയം ഉറപ്പുനൽകുന്നു. യാത്രക്കാർക്ക് വേഗത്തിലും എളുപ്പത്തിലും ടിക്കറ്റുകൾ ലഭ്യമാക്കുന്ന ഇത്തരം ആപ്പുകൾ കൂടുതൽ വ്യാപകമാക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്.
പൊതുജനങ്ങൾ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കി ഇത്തരം ഡിജിറ്റൽ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റെയിൽവേ അധികൃതർ ആവശ്യപ്പെട്ടു. വരുംദിവസങ്ങളിൽ ആപ്പിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകളും പുതിയ സേവനങ്ങളും ഉൾപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
