മുടി ദാനം ചെയ്ത ആദ്യത്തെ വ്യക്തി ഞാനല്ല, ഞാന്‍ മുടി വിറ്റ് കാശാക്കിയിട്ടുമില്ല! നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസാണ് പലര്‍ക്കും; മുടി ദാനം ചെയ്ത പ്രവര്‍ത്തിയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി

ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് നല്‍കി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ചെയ്ത പ്രവര്‍ത്തിയെ വ്യക്തമായി മനസിലാക്കാതെ അതിനെ വിമര്‍ശിക്കാനാണ് പലരും മുതിര്‍ന്നത്. വെറും ഷോ ആണെന്ന് ഒരു കൂട്ടര്‍ പറഞ്ഞപ്പോള്‍ കാന്‍സര്‍ രോഗികള്‍ക്ക് ഈ മുടി കൊണ്ട് പ്രയോജനമൊന്നും ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി മറ്റൊരു കൂട്ടര്‍ രംഗത്തെത്തി. പലതും ഭാഗ്യലക്ഷ്മിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമായിരുന്നു.

ഇപ്പോഴിതാ താന്‍ മുടി കൊടുത്തതിന്റെ പേരില്‍ വിമര്‍ശനവുമായി എത്തുന്നവര്‍ക്ക് ചുട്ട മറുപടിയുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നു. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസുകള്‍ക്ക് ഉടമകളാണ് ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് മറ്റുള്ളവരെ വിമര്‍ശിക്കുന്നതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ? നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട. മറ്റുളളവര്‍ക്ക് വേണോ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ. എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ട.

ഞാന്‍ അവരോട് ദ്രോഹമൊന്നും ചെയ്തില്ലല്ലോ.. ഞാന്‍ മുടി വിറ്റ് കാശാക്കിയിട്ടുമില്ല. മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തി യും ഞാനല്ല. അപ്പോള്‍ വിഷയമല്ല പലരുടെയും വിഷയം. വ്യക്തിയാണ് വിഷയം… അതുകൊണ്ടാണല്ലോ എന്റെ ഫോട്ടോ ചേര്‍ത്ത് വാര്‍ത്ത കൊടുത്തത്. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസ്സ്..

Related posts