അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം വീണ്ടും മലയാളിക്ക്: 13 കോടി രൂപ സമ്മാനം;സുഹൃ-ത്തിന്‍റെ വൃക്കമാറ്റിവയ്ക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും  പണം  നൽകുമെന്ന് മുഹമ്മദ് കുഞ്ഞി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോടികളുടെ ഭാഗ്യം വീണ്ടും മലയാളിക്ക്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ 70 ലക്ഷം ദർഹം (13 കോടി രൂപ) നേടിയത് മലയാളിയായ മുഹമ്മദ് കുഞ്ഞി മയ്യളത്താണ്. 121013 എന്ന ടിക്കറ്റിനാണ് സമ്മാനം.

ആദ്യം ഇത് വിശ്വസിക്കാനായില്ലെന്നും സുഹൃത്തും ബന്ധുവുമായ അബൂബക്കറിന്‍റെ വൃക്ക മാറ്റി വക്കാൻ ആവശ്യമായ പണം നൽകുകയാണ് ആദ്യത്തെ ലക്ഷ്യമെന്നും ഇയാൾ പറഞ്ഞു. അബുദാബി ബനിയാസിലെ ഒരു തുണിക്കടയിൽ സെയിൽസ്‌മാനാണ് മുഹമ്മദ് കുഞ്ഞി.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക സംഭാവന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 15 വർഷമായി ഇദ്ദേഹം അബുദാബിയിലാണ് ജോലിചെയ്യുന്നത്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ മലയാളികളായ വിവേക് നാരായണൻ മേനോൻ, മിഥുൻ സെബാസ്റ്റ്യൻ എന്നിവർക്ക് 1,00,000 ദിർഹം വീതം സമ്മാനം ലഭിച്ചു.

Related posts