തന്നെ തോല്പിക്കാന്‍ ശ്രമിക്കുന്നവരെക്കുറിച്ച് വോട്ടെടുപ്പിനുശേഷം വെളിപ്പെടുത്തും, ആലത്തൂരില്‍ പി.കെ. ബിജുവിന്റെ തോല്‍വി പ്രവചിച്ച് അഭിപ്രായസര്‍വേകളും, രമ്യ ഹരിദാസിന്റെ വിജയത്തിനായി പണിയെടുക്കുന്നത് സിപിഎമ്മുകാര്‍ തന്നെയോ?

ഇടതുകോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന ആലത്തൂരില്‍ ഇത്തവണ കാറ്റു മാറിവീശുകയാണെന്ന സൂചനകളാണ് തുടക്കം മുതല്‍ ലഭിക്കുന്നത്. ഇടതുബുദ്ധിജീവികളും പിന്നീട് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനും രമ്യയെ ജാതീയമായും സ്ത്രീത്വത്തെയും ആക്രമിച്ചതോടെ പി. ബിജുവിന്റെ സാധ്യതകളും താഴേക്ക് പതിച്ചിരിക്കുകയാണ്. അതിനിടെയാണ് സ്വന്തം പാര്‍ട്ടിയില്‍ തന്നെ തോല്‍പ്പിക്കാനായി കരുനീക്കങ്ങള്‍ നടക്കുന്നുവെന്ന സൂചന ബിജു തന്നെ മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. വ്യാഴാഴ്ച്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് വോട്ടെടുപ്പിനുശേഷം എല്ലാം തുറന്നുപറയുമെന്ന് അദേഹം പറഞ്ഞത്.

പാര്‍ട്ടിയില്‍ തനിക്കെതിരായി നടക്കുന്ന ഗൂഡാലോചനയാണ് തുടര്‍ച്ചയായി രമ്യയ്‌ക്കെതിരേ നടക്കുന്ന അധിക്ഷേപ വാക്കുകളെന്ന് ബിജു കരുതുന്നു. ഇന്നലെ ഒരു മാധ്യമം നടത്തിയ അഭിപ്രായ സര്‍വേയില്‍ വന്‍ഭൂരിപക്ഷത്തില്‍ രമ്യ ജയിക്കുമെന്നാണ് പ്രവചിക്കപ്പെട്ടത്. ഏകദേശം 7 ശതമാനത്തോളം വോട്ടിന്റെ ഭൂരിപക്ഷം രമ്യയ്ക്ക് ലഭിക്കും.

ആലത്തൂരില്‍ എണ്ണയിട്ട യന്ത്രം പോലെയാണ് യുഡിഎഫ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്. മറുവശത്ത് എല്‍ഡിഎഫിന് പതിവ് ആത്മവിശ്വാസമില്ല. രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് സ്ഥാനാര്‍ഥിയായി വന്നതോടെ അതിന്റെ പ്രതിഫലനം ആലത്തൂരിലും ഉണ്ടാകും. ഫലത്തില്‍ ഉറച്ചൊരു കോട്ട നഷ്ടപ്പെട്ടേക്കാമെന്ന അവസ്ഥയിലാണ് എല്‍ഡിഎഫ്.

Related posts