‘ഹൈപ്പര്‍ലൂപ്പ് പദ്ധതിയെക്കുറിച്ച് എനിക്ക് ആശങ്കകളുണ്ട്. അതില്‍ സഞ്ചരിക്കുന്ന മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്തുക ശ്രമകരമാണ്’; ഇലോണ്‍ മസ്‌കിന്റെ അതിവേഗ ട്രെയിനെക്കുറിച്ച് ബില്‍ഗേറ്റ്‌സ് പറയുന്നതിങ്ങനെ…

ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതി ഹൈപ്പര്‍ലൂപ്പിനെ വിമര്‍ശിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകരന്‍ ബില്‍ഗേറ്റ്‌സ്. ഹൈപ്പര്‍ലൂപ്പിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് ബില്‍ഗേറ്റ്സ് പങ്കുവെച്ചിരിക്കുന്നത്. മിനിറ്റുകള്‍കൊണ്ട് നൂറുകണക്കിന് മൈലുകള്‍ സഞ്ചരിക്കാന്‍ കഴിയുന്ന അദ്ഭുതമായി അവതരിപ്പിച്ചിരിക്കുന്ന ഹൈപ്പര്‍ലൂപ്പിന് വിമര്‍ശകര്‍ ഏറുകയാണ്.

റെഡിറ്റ് സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു ബില്‍ഗേറ്റ്സ് ഹൈപ്പര്‍ലൂപ്പിനെക്കുറിച്ച് പറഞ്ഞത്. ‘ഹൈപ്പര്‍ലൂപ്പ് പദ്ധതിയെക്കുറിച്ച് എനിക്ക് ആശങ്കകളുണ്ട്. അതില്‍ സഞ്ചരിക്കുന്ന മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്തുക ശ്രമകരമാണ്’ എന്നായിരുന്നു ബില്‍ഗേറ്റ്സിന്റെ പരാമര്‍ശം. അതേസമയം, വൈദ്യുതി കാറുകളും ഡ്രൈവറില്ലാ വാഹനങ്ങളും വരും കാലത്ത് മാനവരാശിക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ സമ്മാനിക്കുമെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു.

ആരോഗ്യ രംഗത്ത് ശതകോടികള്‍ ചെലവാക്കുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്തുകൊണ്ട് ഗതാഗത മേഖലയിലേക്ക് കടക്കുന്നില്ല എന്ന അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഗേറ്റ്‌സ് ഇതു പറഞ്ഞത്.തങ്ങളുടേതായ ട്രാന്‍സ്പോര്‍ട്ടേഷന്‍ മേഖലയില്‍ പരീക്ഷണം നടത്തുന്നുണ്ടെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു. റുവാണ്ട, താന്‍സാനിയ എന്നീ രാജ്യങ്ങളില്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് ഗേറ്റ്സ് ഫൗണ്ടേഷന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഗേറ്റ്‌സ് വ്യക്തമാക്കി.

മനുഷ്യര്‍ അസാധ്യമെന്ന് ചിന്തിച്ചിരുന്ന പലതും യാഥാര്‍ഥ്യമാക്കിയ ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതിയാമ് ഹൈപ്പര്‍ലൂപ്പ്. വിമാനത്തിനേക്കാള്‍ ഇരട്ടി വേഗത്തില്‍ കരയില്‍ നിര്‍മിക്കുന്ന പ്രത്യേക ട്യൂബുകളിലൂടെ സഞ്ചരിക്കുകയെന്നതാണ് ഹൈപ്പര്‍ ലൂപ്പിന്റെ ആശയം. ഈ ട്യൂബുകളിലെ പ്രത്യേകം ക്യാപ്സൂളുകളിലാണ് മനുഷ്യര്‍ക്ക് കയറാനുള്ള സംവിധാനമുണ്ടാവുക.

ഹൈപ്പര്‍ലൂപ്പിനെക്കുറിച്ച് നിരവധി സ്വകാര്യ കമ്പനികള്‍ ഗവേഷണം നടന്നുന്നുണ്ടെങ്കിലും ആദ്യമായി ഈ ആശയം പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത് ഇലോണ്‍ മസ്‌കാണ്. 2012ലായിരുന്നു ഇത്.ഹൈപ്പര്‍ലൂപ്പ് എന്ന ആശയം ആര്‍ക്കും എടുക്കാവുന്നതാണെന്ന നിലയിലായിരുന്നു ഇലോണ്‍ മസ്‌കിന്റെ സ്പെയ്‌സ് എക്സ് കമ്പനി അവതരിപ്പിച്ചത്. ആര്‍ക്കും സ്വന്തം നിലയ്ക്ക് പരീക്ഷണം നടത്താമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോസ് ഏഞ്ചല്‍സ് മുതല്‍ സാന്‍ ഫ്രാന്‍സിസ്‌കോ വരെയുള്ള 380 മൈല്‍ ദൂരം വെറും അര മണിക്കൂറില്‍ ഹൈപ്പര്‍ലൂപ്പിലുടെ സഞ്ചരിക്കാനാകുമെന്ന് 2013ല്‍ തന്നെ ഇലോണ്‍ മസ്‌ക് അവകാശപ്പെട്ടിരുന്നു. ഇതേ ദൂരം വിമാനത്തില്‍ സഞ്ചരിക്കാനെടുക്കുന്നതിന്റെ പകുതി സമയമായിരുന്നു അത്. സ്പെയ്‌സ് എക്സിന് പുറമേ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹൈപ്പര്‍ലൂപ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജീസ്, റിച്ചാര്‍ഡ് ബ്രോസന്റെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍, കനേഡിയന്‍ സ്ഥാപനമായ ട്രാന്‍സ്പോഡ് എന്നിവയെല്ലാം ഹൈപ്പര്‍ ലൂപ്പിന്റെ ആദ്യ മാതൃക നിര്‍മിക്കാനുള്ള നെട്ടോട്ടത്തിലാണ്.

എന്നാല്‍ ഒരു ഭാഗത്ത് ഹൈപ്പര്‍ലൂപ്പിനെതിരായ ആരോപണങ്ങളും ഉയരുന്നുണ്ട്. ‘ഹൈപ്പര്‍ലൂപ്പ് എന്ന ആശയം ഗംഭീരമാണ്. പക്ഷേ, യഥാര്‍ഥത്തില്‍ അതൊരു മയിലെണ്ണ വില്‍ക്കുന്നതുപോലുള്ള തട്ടിപ്പ് കച്ചവടമാണ്’ എന്നായിരുന്നു കോര്‍നെല്‍ സര്‍വകലാശാലയിലെ മുന്‍ കെമിസ്റ്റ് ഡോ. ഫില്‍ മാസന്‍ പറഞ്ഞത്.

നിരവധി സുരക്ഷാ പ്രശ്നങ്ങളായിരുന്നു അദ്ദേഹവും ഉയര്‍ത്തിക്കാണിച്ചത്. ഹൈപ്പര്‍ലൂപ്പിനകത്തെ ട്യൂബിന് പുറത്ത് രണ്ട് സെന്റിമീറ്റര്‍ വരെ വലിപ്പത്തിലുള്ള എന്തെങ്കിലും വിള്ളലുകള്‍ ഉണ്ടായാല്‍ ദുരന്തമായിരിക്കും സൃഷ്ടിക്കുക. ആ ക്യാപ്സൂളിലുള്ള എല്ലാവരും ഉടനടി മരിക്കുമെന്ന് മാത്രമല്ല ഹൈപ്പര്‍ലൂപ്പിലെ മറ്റു ക്യാപ്സൂളിലുള്ളവര്‍ക്കും അപകടം ദുരന്തം വിതയ്ക്കും. ഹൈപ്പര്‍ ലൂപ്പിലേക്ക് ശബ്ദത്തിന്റെ വേഗത്തില്‍ വായു ഇരച്ചു കയറുന്നതോടെയായിരിക്കും അത്.

എന്നാല്‍ ഇലോണ്‍ മസ്‌കും സ്‌പേസ് എക്‌സും രണ്ടും കല്‍പ്പിച്ച് മുമ്പോട്ടു തന്നെയാണ്. എല്ലാവിധ സുരക്ഷയും ഉറപ്പു വരുത്തിയതിനു ശേഷം മാത്രമായിക്കും അതിലൂടെ ട്യൂബ് സഞ്ചരിക്കുകയെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്.ഓരോ പാസഞ്ചര്‍ ക്യാപ്സൂളുകള്‍ക്കും എമര്‍ജന്‍സി ബ്രേക്കുണ്ടാകും.

എന്തെങ്കിലും അപകടഘട്ടങ്ങളില്‍ ഈ ബ്രേക്ക് പ്രവര്‍ത്തിക്കുകയും ഹൈപ്പര്‍ ലൂപ്പിലെ മറ്റു ഭാഗങ്ങളിലെ മര്‍ദ്ദം കുറക്കുകയും ചെയ്യുന്നതുവഴി ദുരന്തങ്ങളൊഴിവാക്കാനാകുമെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാദം. എന്തായാലും ഹൈപ്പര്‍ലൂപ്പ് യാഥാര്‍ഥ്യമാവുന്നതിലൂടെ ഗതാഗതരംഗത്ത് ഒരു വന്‍കുതിച്ചു ചാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്.

Related posts