സിപിഎമ്മിന്റെ നെഞ്ചില്‍ തീ കോരിയിട്ട് ബിന്ദു അമ്മിണി പത്തനംതിട്ടയില്‍ ! ഒറ്റ യുവതിയും നിലയ്ക്കലിനപ്പുറം കടക്കാതിരിക്കാനുള്ള സര്‍വ സന്നാഹവുമായി സര്‍ക്കാര്‍…

തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സാഹചര്യത്തില്‍ കഴിഞ്ഞ മണ്ഡലകാലത്തെ സംഭവങ്ങളെ ഓര്‍മിപ്പിച്ച് സിപിഎമ്മിന്റെ നവോത്ഥാന നായിക ബിന്ദു അമ്മിണി നാളെ വീണ്ടും പത്തനംതിട്ടയില്‍. ഉച്ചയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബില്‍ ഇവര്‍ പത്ര സമ്മേളനം ബുക്ക് ചെയ്തിട്ടുണ്ട്. ഇവര്‍ മല കയറാന്‍ എത്തിയതാണെന്ന അഭ്യൂഹം ശക്തമായതിനെത്തുടര്‍ന്ന് ശബരിമലയില്‍ പോലീസുകാരെ മൂന്നു എസ്പിമാരുടെ കീഴിലായി 450 പോലീസുകാരെ നിയോഗിച്ചു.

യുവതികളെ ഒരു കാരണവശാലും നിലയ്ക്കലിനപ്പുറം കടത്തിവിടരുതെന്നാണ് സര്‍ക്കാരില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശം. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ ഈ സമയത്ത് യുവതികള്‍ മല ചവിട്ടിയാല്‍ അത് സിപിഎമ്മിന്റെ കാര്യം കഷ്ടത്തിലാക്കുമെന്നുറപ്പാണ്.

ബിന്ദുവിന്റെ വരവിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല. ബിന്ദുവിന്റെ വരവ് ബിജെപിക്കാര്‍ക്ക് ആഹ്ലാദം പകരുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി പി.മോഹന്‍രാജിനെതിരെയാകും ബിന്ദുവിന്റെ പത്രസമ്മേളനം എന്നാണ് സൂചന.

ഒക്ടോബര്‍ രണ്ടിന് പ്രസ് ക്ലബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയില്‍ വീട്ടില്‍പ്പോലും കയറ്റാന്‍ ഭര്‍ത്താവും മാതാപിതാക്കളും മടിക്കുന്ന സ്ത്രീകളെ വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ സിപിഎം പതിനെട്ടാം പടി കയറ്റിയെന്ന് മോഹന്‍രാജ് വിമര്‍ശിച്ചിരുന്നു.മോഹന്‍രാജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ ബിന്ദു കേസ് കൊടുക്കുാന്‍ പോവുകയാണെന്നും ഇതു സംബന്ധിച്ചാണ് പത്രസമ്മേളനം എന്നുമാണ് ബിന്ദു തന്നെ നല്‍കുന്ന സൂചന.

കഴിഞ്ഞ തവണ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെയായിരുന്നു ബിന്ദു അമ്മിണിയെയും കനകദുര്‍ഗയെയും ഇരുട്ടിന്റെ മറവില്‍ ശബരിമലയില്‍ എത്തിച്ചത്. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വന്‍തിരിച്ചടിയായിരുന്നു. ഇതുവരെ ശബരിമല യുവതി പ്രവേശം കോന്നിയില്‍ പ്രചാരണ വിഷയം ആയിട്ടില്ലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുന്‍പ് മാത്രം ഇത് ബിന്ദു കുത്തിപ്പൊക്കിയാല്‍ ബിജെപിക്ക് ഗുണകരമാകുമെന്ന് നേതാക്കള്‍ കരുതുന്നു. എന്നാല്‍ ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്ത് പത്ര സമ്മേളനം തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്.

Related posts