മോദി വീണ്ടും അധികാരത്തില്‍ വരില്ലെന്ന നിരാശയില്‍ ബിജെപി ക്യാംപ്, ചെറിയ പാര്‍ട്ടികളുടെ പിന്‍ബലത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന സൂചനകള്‍ ശക്തം, 200 കടക്കാന്‍ പോലും ബുദ്ധിമുട്ടി മോദിയും ബിജെപിയും, ആത്മവിശ്വാസക്കുറവിന്റെ കാരണങ്ങള്‍ ഇങ്ങനെ

ജോര്‍ജ് കള്ളിവയലില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ടം വോട്ടെടുപ്പുകൂടി കഴിഞ്ഞതോടെ ബിജെപി ക്യാമ്പില്‍ ആത്മവിശ്വാസം കുറയുന്നു. ഇന്നലെ പോളിംഗ് നടന്ന 51 സീറ്റുകളില്‍ നിലവിലുള്ള 39 സീറ്റുകളില്‍ ബിജെപിക്കു ജയം ആവര്‍ത്തിക്കാനാകില്ലെന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറക്കം കെടുത്തും. വോട്ടെണ്ണുന്ന 23നുശേഷം കര്‍ണാടക ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസും പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളും കോപ്പു കൂട്ടുന്നത്.

ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി- ആര്‍എല്‍ഡി മഹാസഖ്യവും കോണ്‍ഗ്രസും ബിജെപിയുടെ ഏതാനും സീറ്റുകളിലേക്കു കടന്നുകയറുമെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേഠിയും അമ്മ സോണിയാ ഗാന്ധിയുടെ റായ്ബറേലിയും നിലനിര്‍ത്തുമെങ്കിലും ഇന്നലെ പോളിംഗ് നടന്ന യുപിയിലെ മറ്റു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയില്ല. രാജസ്ഥാനില്‍ ഇന്നലെ വോട്ടെടുപ്പു നടന്ന പന്ത്രണ്ടു സീറ്റുകളും നിലനിര്‍ത്താന്‍ ബിജെപിക്കു കഴിയില്ല.

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയെ തോല്‍പിച്ച് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് വര്‍ധിത വീര്യത്തിലും ആത്മവിശ്വാസത്തിലുമാണ്. ഇനി 12, 19 തീയതികളില്‍ നടക്കുന്ന അവസാന രണ്ടു ഘട്ടങ്ങളിലും ബിജെപിക്ക് അഗ്‌നിപരീക്ഷ കൂടുകയേയുള്ളൂ. മോദിതരംഗം കാണാനില്ലെന്നു മാത്രമല്ല, ബിജെപിയുടെ മോദി ഷൈനിംഗ് (മോദി തിളങ്ങുന്നു) പ്രചാരണവും വേണ്ടപോലെ ഫലിക്കുന്നില്ല.

മോദി ഭരണത്തിന്റെ നേട്ടങ്ങളും ബിജെപി പ്രകടനപത്രികയും ഒക്കെ പിന്നിലേക്കു തള്ളി ദേശീയതയും ബാലാകോട്ടിലെ സൈനിക നടപടിയുടെ പേരിലുള്ള മുതലെടുപ്പും മുതല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും വരെയാണ് മോദിയുടെ പ്രചാരണത്തിന്റെ ഊന്നല്‍ എന്നതു ശ്രദ്ധേയമാണ്. ഭൂരിപക്ഷ സമുദായ ഏകീകരണത്തിനുള്ള ശ്രമങ്ങളാണ് ബിജെപി നേതാക്കള്‍ തുടരുന്നത്.

യുപിയില്‍ 2014ല്‍ നേടിയ 71 സീറ്റുകളില്‍ പകുതിയോളം നഷ്ടപ്പെട്ടാല്‍ അടുത്ത ലോക്‌സഭയില്‍ ബിജെപി 200 കടക്കുക പ്രയാസമാകും. എന്‍ഡിഎയുടെ അംഗബലവും 230 സീറ്റില്‍ കുറഞ്ഞേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിക്കും ബിഹാറിനും പുറമേ ഹിന്ദി ബെല്‍റ്റിലെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപിക്കും സീറ്റു കുറയാനാണു സാധ്യത. ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ കൂടുമെങ്കിലും 150 കടക്കുക ബാലികേറാമലയാകും. ചുരുക്കത്തില്‍ 23ന് ശേഷമാകും യഥാര്‍ഥ രാഷ്ട്രീയക്കളികള്‍.

Related posts