കുമ്മനം 15,000 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തില്‍ ജയിക്കും, ന്യൂനപക്ഷ ഏകീകരണം ശശി തരൂരിന് അനുകൂലമായി നടന്നുവെന്ന പ്രചരണം ശരിയല്ല, എല്‍ഡിഎഫ് വോട്ടുകള്‍ ഇത്തവണ യുഡിഎഫിലേക്ക് മറിഞ്ഞിട്ടില്ല, തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍ ഇങ്ങനെ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുറഞ്ഞത് 15000 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് ബിജെപിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് അവകാശപ്പെടുന്ന ന്യൂനപക്ഷ ഏകീകരണം ഉള്‍പ്പെടെ എന്തൊക്കെ സംഭവിച്ചാലും കുമ്മനത്തിന്റെ ജയം തടയാനാവില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്ന കോണ്‍ഗ്രസ് വാദം പൊള്ളയാണെന്നാണ് ബിജെപി നേതാക്കളുടെ വാദം. അങ്ങനെയൊരു ഏകീകരണം നടന്നിട്ടുണ്ടെങ്കില്‍ത്തന്നെ അതിനെ മറികടക്കാവുന്ന മുന്നേറ്റം വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ ബിജെപിക്കുണ്ടാവുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലാണ് കാര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാവാന്‍ സാധ്യതയുള്ളത്.

എന്നാല്‍ അതു കൊണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന പോലെ വലിയ തരംഗമല്ല. അതേസമയം എതിരാളികളുടെ കണക്കുകൂട്ടലുകളെ കവച്ചുവയ്ക്കുന്ന വിധത്തിലുള്ള ഭൂരിപക്ഷം നേമത്തും വട്ടിയൂര്‍ക്കാവിലും കുമ്മനം രാജശേഖരനുണ്ടാവുമെന്ന് അവര്‍ പറയുന്നു.

ഭൂരിപക്ഷം പതിനയ്യായിരത്തില്‍ കുറയില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനം ഈ രണ്ടു മണ്ഡലങ്ങളിലുണ്ടാവുന്ന മുന്നേറ്റമാണെന്ന് അവര്‍ സമ്മതിക്കുന്നുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നടന്നതുപോലെ ബിജെപി വിജയം തടയുന്നതിനുള്ള ക്രോസ് വോട്ടിങ് ഇക്കുറി തിരുവനന്തപുരത്ത് ഉണ്ടായിട്ടില്ലെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്.

Related posts