ശിവസേനയും ബിജെപിയും തമ്മിലുള്ളത് ആമിര്‍ ഖാനും കിരണ്‍റാവുവും തമ്മിലുള്ളതിന് സമാനമായ ബന്ധം ! സഞ്ജയ് റാവത്ത്

ബിജെപിയും ശിവസേനയും ശത്രുക്കളല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം ഇന്ത്യയെയും പാക്കിസ്ഥാനെയും പോലെയല്ലെന്നും മറിച്ച് കഴിഞ്ഞ ദിവസം വിവാഹമോചിതരായ ആമിര്‍ ഖാനേയും കിരണ്‍ റാവുവിനേയും പോലെയാണെന്നും റാവത്ത് വ്യക്തമാക്കി.

ഞങ്ങളുടെ രാഷ്ട്രീയവഴികള്‍ വ്യത്യസ്തമായിരിക്കും. പക്ഷെ ഞങ്ങളുടെ സൗഹൃദത്തിന് കേടുപറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും ശിവസേനയും ശത്രുക്കളല്ലെന്ന ബിജെപി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം.

ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്ന് ഫഡ്നാവിസ് പ്രതികരിച്ചിരുന്നു. രണ്ട് പാര്‍ട്ടികളും വീണ്ടും ഒന്നിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു ഫഡ്‌നാവിസിന്റെ മറുപടി.

‘ഞങ്ങള്‍ (ശിവസേനയും ബിജെപിയും) ഒരിക്കലും ശത്രുക്കളായിരുന്നില്ല. അവര്‍ ഞങ്ങളുടെ സുഹൃത്തുകളായിരുന്നു. അവര്‍ ഒന്നിച്ച് ഒരു സര്‍ക്കാര്‍ രൂപീകരിച്ചു. അവര്‍ ഞങ്ങളെ വിട്ടുപോയി.’ ഫഡ്‌നാവിസ് പറഞ്ഞു.

സേനയുമായുള്ള ചര്‍ച്ചകള്‍ സംബന്ധിച്ചും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചും ചോദിച്ചപ്പോഴായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം.

രാഷ്ട്രീയത്തില്‍ അങ്ങനെയെങ്കില്‍ എന്നോ അല്ലായിരുന്നെങ്കില്‍ എന്നോ ഇല്ല. അതാത് സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനങ്ങള്‍ എടുക്കുകയെന്നും ഫ്ഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം ആമിര്‍ ഖാനും സംവിധായിക കിരണ്‍ റാവുവും വിവാഹമോചനം പ്രഖ്യാപിച്ചത്. നല്ല സുഹൃത്തുക്കളായി തുടരുമെന്നും മകന്റെ രക്ഷാകര്‍തൃത്വം ഇരുവരും ചേര്‍ന്ന് നോക്കുമെന്നും താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

Related posts

Leave a Comment