കൊല്ലം: കളക്ടറേറ്റിൽ 50 മിനിറ്റിനുള്ളിൽ ബോംബ് പൊട്ടുമെന്ന് പോലീസ് എമർജൻസി നമ്പരായ 112ൽ വിളിച്ച് വ്യാജ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് മുക്കാൽ മണിക്കൂറിനുള്ളിൽ വലയിലാക്കി. മയ്യനാട് മുക്കം വലിയഴികം വീട്ടിൽ പ്രമോദ് ജോൺ(44) ആണ് പിടിയിലായത്.
പ്രമോദ് ഇന്നലെ രാവിലെ പത്തോടെ തന്റെ മൊബൈൽ നമ്പരിൽ നിന്നും 112 -ൽ വിളിച്ചാണ് ബോബ് ഭീഷണി മുഴക്കിയത്. കളക്ടറേറ്റിൽ താൻ ബോംബ് വച്ചിട്ടുണ്ടെന്നും 50 മിനിറ്റിനുള്ളിൽ പൊട്ടുമെന്നുമായിരുന്നു ഭീഷണി. ഫോൺ നമ്പർ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ സിമ്മിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു.
തുടർന്ന് ടവർ ലൊക്കേഷൻ മനസിലാക്കി 10.45 ഓടെ പ്രമോദിന്റെ വീട്ടിൽ കൊല്ലം വെസ്റ്റ് പോലീസ് സംഘമെത്തി. അപ്പോൾ പോലീസ് തന്നെത്തേടി വരുമെന്ന പ്രതീക്ഷയിൽ വീടിന് മുന്നിൽ നിൽക്കുകയായിരുന്നു പ്രമോദ്.
ജയിലിൽ കഴിയാനാണ് മദ്യപിച്ചശേഷം ഫോൺ ചെയ്തതെന്ന് പ്രമോദ് പോലീസിനോട് പറഞ്ഞത്. മുമ്പ് കളക്ടറേറ്റിൽ ബോംബ് സ്ഫോടനം ഉണ്ടായ സാഹചര്യത്തിൽ സന്ദേശം ലഭിച്ച ഉടൻ പോലീസ് അതീവ ജാഗരൂകരായി അന്വേഷണം ദ്രുതഗതിയിലാക്കി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രമോദ് അറസ്റ്റിലായത്.
