ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെടുന്നു. മാതാവ് മേരിക്കുട്ടി മകൻ റെജി എന്നിവരെ ഒരുമാസമായി കാണാതായിരുന്നു. വീടിന്റെ പരിസരത്ത് പോലീസ് നടത്തിയ പരിശോധനയിൽ മനുഷ്യന്റേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗം കണ്ടെത്തി. ഫോറൻസിക് സംഘം എത്തി വിശദമായ പരിശോധന നടത്തും. മേരിക്കുട്ടിയുടെ ഇളയ മകന് സജിക്കായുളള തെരച്ചില്‍ പോലീസ് ശക്തമാക്കി.
മേരിക്കുട്ടിയും മക്കളായ റെജി, സജി എന്നിവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇളയ മകനോട് മേരിക്കുട്ടിയും റെജിയും എവിടെ എന്ന ചോദിക്കുമ്പോൾ പല തരത്തിലുള്ള ഉത്തരങ്ങളാണ് പറയുന്നത്. പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ നാട്ടുകാർ മേരിക്കുട്ടിയുടെ മകളെ വിവരമറിയിക്കുകയായിരുന്നു. അങ്ങനെ ഇവരുടെ മകളാണ് പോലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സജി പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.
സജിയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ പോലീസിനെ വിവരമറിയിക്കണമെന്നും ഇടുക്കി എസ്പി അറിയിച്ചു. കുടുംബ തര്‍ക്കമാണോ കൊലപാതകത്തിന് പിന്നില്‍ എന്നതുള്‍പ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.
