ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള മാര്‍ഗം! ഉടനെത്തും, പാറ്റയെ പൊടിച്ചുണ്ടാക്കിയ മാവും ബ്രെഡും; കണ്ടെത്തിയത് ബ്രസീലിയന്‍ ശാസ്ത്രജ്ഞര്‍

cockroach-flour-600x400ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ജീവികളെ കണ്ടാല്‍ അത് വന്‍ പ്രശ്‌നമാക്കുന്നവരാണധികവും. എന്നാല്‍ പാറ്റയില്‍ നിന്ന് മാവും അതുപയോഗിച്ച് ബ്രെഡും ഉണ്ടാക്കാമെന്ന വിചിത്രമായ കണ്ടുപിടിത്തവുമായി ബ്രസീലിയന്‍ വനിതാ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുന്നു. വരും കാലഘട്ടങ്ങളില്‍ ഭക്ഷ്യക്ഷാമം അതിരൂക്ഷമായിരിക്കും എന്ന കാരണത്താല്‍ ഈ ആശയത്തിന് വലിയ ഡിമാന്‍ഡായിരിക്കും എന്നാണ് കരുതുന്നത്. ഇക്കാരണത്താല്‍ തന്നെ ഭാവിയില്‍ ഒട്ടുമിക്ക ആളുകളും ഈ രീതിയില്‍ ഭക്ഷണം കണ്ടെത്തുന്നവരായിരിക്കും എന്നാണ് കരുതപ്പെടുന്നത്.
cockroach-flour2-600x337
ജീവികളെ കൗതുകമുള്ള ഭക്ഷണമാക്കി മാറ്റുന്നത് പുതുമയല്ലെങ്കിലും ദൈനംദിന ജീവിതത്തിലെ ഒരു ഭക്ഷണത്തിന് പകരമായി രൂപപ്പെടുത്തുന്നത് ആദ്യമായാണ്. ഏറ്റവും കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയ ഒരു ജീവിയാണ് പാറ്റയെന്നതു കൊണ്ടാണ് ഈ ഗവേഷണത്തിനു പാറ്റയെ തന്നെ തെരഞ്ഞെടുത്തത്. കൂടാതെ ഒട്ടുമിക്ക നാടുകളിലെല്ലാം പാറ്റ സുലഭവുമാണ്. എന്നാല്‍ നമ്മുടെ വീടുകളില്‍ കാണപ്പെടുന്ന പാറ്റയെ അല്ല ഇത്തരത്തില്‍ മാവായി മാറ്റുന്നത്. പ്രത്യേകമായി ബ്രീഡ് ചെയ്‌തെടുത്ത നോഫേട്ട സിനെര എന്നയിനം പാറ്റകളെ മാത്രമേ ഈ രീതിയില്‍ ഭക്ഷ്യ യോഗ്യമാക്കാന്‍ സാധിക്കുകയുള്ളു. ബ്രസീലിയന്‍ ഹെല്‍ത്ത് ഏജന്‍സിയുടെ കര്‍ശനമായ ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ച് ബ്രീഡ് ചെയ്‌തെടുക്കുന്ന ഇവയില്‍ അമിനോ ആസിഡ്,പ്രോട്ടീന്‍സ് എന്നിവ വളരെ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ടത്രേ.  ഇത്തരം പാറ്റകളുടെ ശരീരത്തില്‍ എഴുപതു ശതമാനത്തോളം പ്രോട്ടീനാണ്.

hfgh

എങ്ങനെയാണ് മാവ് ഉണ്ടാക്കുന്നതെന്ന് വ്യക്തമായി പറയുന്നില്ല. ഉണക്കി പൊടിച്ചെടുക്കുകയാണ് എന്നാണ് സൂചന. സാധാരണ ധാന്യങ്ങള്‍ ഉപയോഗിച്ചുള്ള മാവിനെക്കാള്‍ പല മടങ്ങ് പോഷക ഗുണങ്ങള്‍ ഉണ്ടാവുമത്രേ ഈ മാവിന്. കാരണം പാറ്റകള്‍ കഴിക്കുന്ന ഭക്ഷണം ഉയര്‍ന്ന നിലവാരത്തിലുള്ള പ്രോട്ടീനുകളായി മാറുകയാണ് പതിവ്. ഇത് മനുഷ്യന് കഴിക്കാവുന്നതുമാണ്. പ്രത്യേകിച്ച് പോഷകാഹാര കുറവുള്ളവര്‍ക്ക് അത്യുത്തമമാണ് ഈ പാറ്റ ഭക്ഷണം. ഈ മേഖലയില്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണ് ഈ ഗവേഷകര്‍. 10% പാറ്റയുടെ പൊടി ഉപയോഗിച്ചാല്‍ സാധാരണ രീതിയില്‍ ഗോതമ്പ് പൊടി മാത്രം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബ്രെഡിനേക്കാള്‍ പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കും എന്നാണറിയുന്നത്. പാറ്റയുടെ പൊടി ചേര്‍ത്തുണ്ടാക്കുന്ന ബ്രെഡിന് രുചിയില്‍ വ്യത്യാസമൊന്നുമില്ലെന്നാണ് കഴിച്ചവരും അഭിപ്രായപ്പെടുന്നത്. ചീവിടുകള്‍, വിട്ടിലുകള്‍ തുടങ്ങിയവയെയും ഇത്തരത്തില്‍ പരീക്ഷണത്തിന് വിധേയമാക്കാനാണ് ഉദ്ദേശിക്കുന്നത്. 2050 ഓടെ ലോകത്തെ മുഴുവന്‍ ആളുകള്‍ക്കും കഴിക്കാനുള്ള ഭക്ഷ്യവസ്തുക്കള്‍ ഉത്പാദനം ചെയ്യാനുള്ള സ്ഥലം ഭൂമിയില്‍ ഉണ്ടാകാനിടയില്ല. ഇക്കാരണത്താലാണ് മറ്റ് കൃത്രിമ രീതിയിലുള്ള ഭക്ഷ്യ നിര്‍മ്മിതിയിലേയ്ക്ക് കടക്കുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിശദീകരണം.

Related posts