ജോലി ചെയ്യുന്ന ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടത് പ്രധാനമാണ് !ലൈംഗികത്തൊഴിലാളികള്‍ക്കെല്ലാം വാക്‌സിന്‍ ഉറപ്പു വരുത്തി കാനഡയിലെ ഒരു നഗരം…

കോവിഡിന്റെ മൂന്നാം തരംഗം കാനഡയാകെ വ്യാപിക്കുമ്പോള്‍ മുന്‍ഗണനാക്രമത്തില്‍ വാക്‌സിനേഷന്‍ നടത്തുകയാണ് അധികൃതര്‍.

അതേസമയം വാന്‍കൂവറിലെ ഡൗണ്‍ ടൗണ്‍ ഈസ്റ്റ്സൈഡില്‍, അവശ്യ സേവനത്തിലുള്ളവരായി ലൈംഗിക തൊഴിലാളികളെ അംഗീകരിക്കുകയും അവര്‍ക്കുള്ള വാക്സിനേഷന് മുന്‍ഗണന നല്‍കുകയും ചെയ്യുകയാണ് ഇപ്പോള്‍ ഒരു സംഘം.

ഒരുപക്ഷേ, കാനഡയില്‍ ആദ്യത്തെ സംഭവമായിരിക്കും ഇത്. കോവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച ഒരു വിഭാഗമാണ് ലൈംഗികത്തൊഴിലാളികള്‍.

ഏറ്റവും അരക്ഷിതമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഇവര്‍ക്ക് അതുകൊണ്ട് തന്നെ പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലൈംഗികത്തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ നടത്തേണ്ടത് അനിവാര്യമാണ്.

പ്രാദേശിക ആരോഗ്യ അതോറിറ്റിയായ വാന്‍കൂവര്‍ കോസ്റ്റല്‍ ഹെല്‍ത്തിന്റെ (വിസിഎച്ച്) അനുമതി ലഭിച്ചതിന് ശേഷം ലൈംഗിക തൊഴിലാളി സംരക്ഷണ ഗ്രൂപ്പായ PACE കഴിഞ്ഞ ആഴ്ചയാണ് തങ്ങളുടെ ഓഫീസില്‍ വാക്സിനേഷന്‍ സൗകര്യം ഒരുക്കിയത്.

ലൈംഗിക തൊഴിലാളികള്‍, PACE അംഗങ്ങള്‍ ഉള്‍പ്പെടെ 99 പേര്‍ക്ക് വാക്‌സിനേഷനുകള്‍ സംഘം നല്‍കി. എല്ലാ ലിംഗഭേദങ്ങളിലെയും ലൈംഗിക തൊഴിലാളികള്‍ക്ക് പിന്തുണയും വിദ്യാഭ്യാസവും നല്‍കുന്ന സംഘടനയാണ് PACE സൊസൈറ്റി.

‘കര്‍ശനമായ വേര്‍തിരിവുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വന്ന ആളുകള്‍ ലൈംഗികത്തൊഴിലാളികളാണെന്ന് ഞങ്ങള്‍ സ്ഥിരീകരിക്കുന്നില്ല. കൂടാതെ ഇതിനെകുറിച്ച് ഞങ്ങള്‍ അധികം പരസ്യം ചെയ്യാനും മുതിര്‍ന്നില്ല.

കാരണം ആളുകളുടെ സ്വകാര്യത ലംഘിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല” PACE ന്റെ കോ-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലൈറ മക്കീ പറഞ്ഞു. ജനുവരി മുതല്‍ ഡൗണ്‍ ടൗണ്‍ ഈസ്റ്റ്സൈഡിലെ ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു.

കാരണം അവിടെ താമസിക്കുന്ന പലരും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരോ, വീടുകളിലും, കുടിലുകളിലും ഒന്നിച്ച് താമസിക്കുന്നവരോ ആണ്. ഇത് കടുത്ത കൊവിഡ് -19 അണുബാധകള്‍ക്ക് കാരണമാകുന്നു.

മഹാമാരിയും, സാമൂഹ്യ അകലം പോലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ലൈംഗിക തൊഴിലാളികള്‍ക്ക് വരുമാനം കുറയുന്നതിന് കാരണമായിട്ടുണ്ട്. കൂടാതെ തീര്‍ത്തും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.

മാത്രവുമല്ല, പകര്‍ച്ചവ്യാധി സമയത്ത്, ഒറ്റപ്പെട്ട് പോയ സ്ത്രീകള്‍ അതിജീവനത്തിനായി ലൈംഗികത്തൊഴിലിലേയ്ക്ക് തിരിയുന്നുവെന്ന് ലൈംഗികത്തൊഴിലാളികള്‍ മുമ്പ് വൈസ് വേള്‍ഡ് ന്യൂസിനോട് പറഞ്ഞിരുന്നു.

”ജോലി ചെയ്യുന്ന ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടത് പ്രധാനമാണ്” ലൈറ പറഞ്ഞു. വാക്സിന്‍ നല്‍കുന്ന മറ്റൊരു ക്ലിനിക്ക് കൂടി തുടങ്ങാന്‍ PACE ആഗ്രഹിക്കുന്നു.

പക്ഷേ, അത് എപ്പോള്‍ നടക്കുമെന്ന് അറിയില്ല. വാക്സിന്‍ വിതരണം ചെയ്യുന്ന ബ്രിട്ടീഷ് കൊളംബിയയുടെ വാക്‌സിന്‍ വിതരണം വര്‍ദ്ധിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും അത്. വളരെ മാതൃകാപരമായ പ്രവര്‍ത്തനമെന്നാണ് മിക്കവരും ഇതിനെ വിശേഷിപ്പിക്കുന്നത്.

Related posts

Leave a Comment