നെടുമ്പാശേരി: വൻ മയക്കുമരുന്ന് ശേഖരവുമായി വിമാനയാത്രക്കാരൻ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ജലീൽ ജസ്മാനാണു കസ്റ്റംസിന്റെ പിടിയിലായത്.
ബാങ്കോക്കിൽനിന്നു സിംഗപ്പുർ വഴി ഇന്നലെ പുലർച്ചെയാണു ഫാഷൻ ഡിസൈനറായ ഇയാൾ നെടുമ്പാശേരിയിലെത്തിയത്. ബാഗേജിലെ പ്രത്യേക അറകളിലാണ് ഇയാൾ ഹൈബ്രിഡ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ആറു കോടിയോളം രൂപ വില വരുന്ന ആറു കിലോ ഹൈബ്രിഡ് കഞ്ചാവാണ് ബാഗേജിൽനിന്നു കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണു പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ജസ്മാനിൽനിന്നു കഞ്ചാവ് വാങ്ങാനായി ലഹരി മാഫിയാ സംഘം വിമാനത്താവളത്തിൽ എത്തിയിരുന്നതായും കസ്റ്റംസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ പിടിയിലായ വിവരമറിഞ്ഞ് സംഘം കടന്നു കളയുകയായിരുന്നു.
ഒരു ലക്ഷം രൂപയും വിമാന ടിക്കറ്റുമാണ് കാരിയർക്ക് ലഭിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പുർ വഴിയാണു ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ സിംഗപ്പുരില്നിന്ന് എത്തുന്ന യാത്രക്കാരെ കസ്റ്റംസ് കര്ശനമായി നിരീക്ഷിച്ചുവരുന്നുണ്ട്.