വടക്കാഞ്ചേരി: ബാലികയ്ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടാം പ്രതിയായ കുട്ടിയുടെ പിതാവിന് 31 വർഷം തടവും ഒരുലക്ഷം പിഴയും. മലപ്പുറം ചെറുകര പാറമേൽ അദൃശേരി സിബഹത്തുള്ള(45)യ്ക്കാണു വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി വിചാരണയ്ക്കിടെ മരിച്ചു. ഇയാളുടെ ഭാര്യയായ മൂന്നാംപ്രതിയെ കോടതി വെറുതേവിട്ടു.
പിതാവിനൊപ്പം പന്നിത്തടത്തുള്ള സിദ്ധനായ ഒന്നാംപ്രതിയെ കാണാനെത്തിയ ബാലികയെ ഒന്നിലേറെ തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് അറിഞ്ഞിട്ടും തുടർന്നും പ്രേരണ നൽകിയെന്നതാണു സിബഹത്തുള്ളയ്ക്കെതിരായ കുറ്റം.
കുട്ടി അമ്മയെ വിവരമറിയിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ഇ.എ. സീനത്ത് ഹാജരായി. വടക്കാഞ്ചേരി പോക്സോ കോടതി ലെയ്സൻ ഓഫീസർ പി.ആർ. ഗീത പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.