തൊടുപുഴ: പിതാവ് ഓടിച്ച കാറിടിച്ച് പത്തു വയസുകാരന് ദാരുണാന്ത്യം. തൊടുപുഴ ഉടുന്പന്നൂർ കുളപ്പാറ കാരക്കുന്നേൽ റെജിൽ-ഹസീന ദന്പതികളുടെ ഏക മകൻ കെ.ആർ. മുഹമ്മദ് സാജിദ് (10) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്തിട്ട് റെജിൽ കാർ തിരിക്കാൻ ശ്രമിക്കുന്പോഴാണ് അപകടം സംഭവിച്ചത്. സ്ഥലപരിമിതിയുള്ള മുറ്റത്ത് വാഹനത്തിന് സൈഡ് പറഞ്ഞ് കൊടുക്കുകയായിരുന്നു മുഹമ്മദ് സാജിദ്. ഇതിനിടെ നിയന്ത്രണം വിട്ടു മുന്നോട്ടു കുതിച്ച കാറിനും മുറ്റത്തുള്ള മരത്തിനും ഇടയിൽപ്പെടുകയായിരുന്നു.
റെജിലിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻതന്നെ കുട്ടിയെ കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പലഹാരമുണ്ടാക്കി വിറ്റും പെയിന്റിംഗ്, ടൈൽ ജോലികൾക്കും പോയാണ് റെജിൽ കുടുംബം പുലർത്തിയിരുന്നത്.
പലഹാരക്കച്ചവടത്തിനായി ഉണ്ടായിരുന്ന ഓട്ടോ മാറ്റി അടുത്തിടെ വാങ്ങിയ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടസമയം മാതാവ് ഹസീന തൊഴിലുറപ്പ് ജോലിക്കായി പോയിരിക്കുകയായിരുന്നു.
കരിമണ്ണൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം കബറടക്കി. കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു മുഹമ്മദ് സാജിദ്.