തോല്‍ക്കാന്‍ മനസ്സില്ല ! ലോക്ക്ഡൗണില്‍ ജോലി നഷ്ടമായമായപ്പോള്‍ പാചകത്തിലേക്ക് കളംമാറ്റി; 79 വയസുള്ള അപ്പൂപ്പന്റെ വീഡിയോ വൈറലാകുന്നു…

ലോക്ക്ഡൗണ്‍ കാലം ഒട്ടുമിക്കവര്‍ക്കും ദുരിതമായിരുന്നെങ്കിലും ചിലര്‍ക്ക് അത് തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാനുള്ള അവസരമായാണ് വിനിയോഗിച്ചത്.

പലരും ടിക് ടോക്കിലും മറ്റുമായി സജീവമായിരുന്നു. 79കാരനായ ഒരു അപ്പൂപ്പന്റെ പാചക വീഡിയോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

താന്‍ പാചകവീഡിയോ ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നില്‍ ഹോബി മാത്രമല്ലെന്നും എഴുപത്തിയൊമ്പതുകാരനായ കാര്‍ലോസ് എലിസോന്‍ഡോ പറയുന്നു.

വ്യത്യസ്തമായ പാചകശൈലിയും അവതരണവുമൊക്കെയാണ് മെക്സിക്കോ സ്വദേശിയായ കാര്‍ലോസിനെ ജനഹൃദയങ്ങളിലിടം നേടിക്കൊടുത്തത്.

കൊറോണ വൈറസിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടപ്പെട്ടതു മൂലമാണ് താന്‍ പാചക വീഡിയോകള്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് കാര്‍ലോസ് പറയുന്നു.

ഏഴുവര്‍ഷത്തോളമായി ഒരു പലചരക്കു കടയില്‍ ജോലി ചെയ്തു വരികയായിരുന്നു കാര്‍ലോസ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വൃദ്ധരും കുട്ടികളും പുറത്തേക്കിറങ്ങരുതെന്ന നിര്‍ദേശം വന്നതോടെയാണ് കാര്‍ലോസിന്റെ കാര്യം കഷ്ടത്തിലായത്.

ജോലി പോയി വീട്ടില്‍ വെറുതെയിരിക്കണമല്ലോ എന്നാലോചിച്ചപ്പോഴാണ് പാചക വീഡിയോകള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്.

സംഗതി പരീക്ഷിക്കുകയും മകളുടെ സഹായത്തോടെ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍ പങ്കുവെക്കുകയും ചെയ്യുകയായിരുന്നു. ആദ്യവീഡിയോ മേയ് 25നാണ് പോസ്റ്റ് ചെയ്യുന്നത്.

ഇറച്ചി കൊണ്ടുള്ള വിഭവങ്ങളാണ് കാര്‍ലോസ് പങ്കുവെക്കുന്നവയിലേറെയും. കക്ഷിയുടെ വീഡിയോ എല്ലാം സ്പാനിഷ് ഭാഷയിലാണെങ്കിലും സബ്ടൈറ്റില്‍ ഉള്ളതിനാല്‍ ലോകത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നും ഇദ്ദേഹം ആരാധകരെ നേടിയെടുത്തു.

മൂന്നു മക്കളും ആറു കൊച്ചുമക്കളുമാണ് കാര്‍ലോസിനുള്ളത്. ഇളയമകളാണ് തന്റെ പാചകവീഡിയോകള്‍ എടുക്കാനും പോസ്റ്റ് ചെയ്യാനുമൊക്കെ സഹായിക്കുന്നതെന്നും കാര്‍ലോസ് പറയുന്നു. എന്തായാലും അപ്പൂപ്പന്റെ വീഡിയോ നിരവധി ആളുകളാണ് കാണുന്നത്.

Related posts

Leave a Comment