തീക്കട്ടയില്‍ ഉറുമ്പരിക്കുന്നുവോ ? പ്രഭാത സവാരിയ്ക്കിടെ വനിതാ ഐപിഎസ് ഓഫീസറുടെ മാല പൊട്ടിക്കാന്‍ ശ്രമം; സംഭവം കോവളത്ത്…

വന്നു വന്ന് പോലീസുകാര്‍ക്കു പോലും രക്ഷയില്ലാത്ത നാടായി കേരളം മാറുന്നുവോ ? പ്രഭാത സവാരിയ്ക്കിറങ്ങിയ വനിതാ ഐപിഎസ് ഓഫീസറുടെ മാല പൊട്ടിക്കാന്‍ ശ്രമം.തിരുവനന്തപുരം കോവളം തിരുവല്ലത്ത് ബൈക്കിലെത്തിയാണ് യുവാവ് മോഷണത്തിന് ശ്രമിച്ചത്. ഇയാളെ പൊലീസ് തിരയുന്നു. കോവളം ബൈപാസില്‍ വേങ്കറ കൊല്ലന്തറ സര്‍വീസ് റോഡില്‍ സ്‌കാനിയ സര്‍വീസ് സെന്റിന് മുന്നില്‍ ഇന്നലെ രാവിലെ ആറുമണിയോടെയാണ് സംഭവം.

ഐപിഎസ് ട്രെയിനിങ്ങിന്റെ ഭാഗമായി തിരുവല്ലം സ്റ്റേഷനില്‍ എസ്എച്ച്ഒ ആയി ജോലി നോക്കുന്ന ഐശ്വര്യ പ്രശാന്ത് ഡോംഗ്രക്ക് നേരെയാണ് മേഷണ ശ്രമം ഉണ്ടായത്. സര്‍വീസ് റോഡിലൂടെ നടക്കുന്നതിനിടെ ഇതേ ദിശയില്‍ നിന്നും ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് ബൈക്കിന്റെ വേഗത കുറച്ച ശേഷം കഴുത്തിലെ മാല പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയായിരുന്നു. മോഷണ ശ്രമം തടഞ്ഞ് മോഷ്ടാവിനെ പിടികൂടാന്‍ ബൈക്കിന് പിന്നാലെ ഇവര്‍ ഓടിയെങ്കിലും യുവാവ് വാഴമുട്ടം ഭാഗത്തേക്ക് രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ പോലീസ് സംഘം പ്രദേശത്തെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെയോ ബൈക്കോ കണ്ടെത്താന്‍ സാധിച്ചില്ല.തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൂന്തുറ സ്വദേശിയായ യുവാവാണ് പ്രതിയെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്

ബൈപ്പാസിനു സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായും തിരുവല്ലം പൊലീസ് പറഞ്ഞു. കോവളം ഭാഗത്ത് അടുത്ത കാലത്തായി നിരവധി മാലപൊട്ടിക്കല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Related posts