വരും തലമുറയ്ക്ക് മാതൃകയായി..! ആര്‍ട്‌സിലും സ്‌പോര്‍ട്‌സിലും മാത്രമല്ല കൃഷിയിലും ചലഞ്ച് ഏറ്റെടുത്ത് ചലഞ്ചേഴ്‌സ് ക്ലബ്

ktm-chalangersബിജു ഇത്തിത്തറ

കടുത്തുരുത്തി:  കുഴിയാഞ്ചാല്‍ പാടത്ത് കൃഷിയിറക്കാന്‍ യുവാക്കളുടെ സംഘവും. കോതനല്ലൂര്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിലെ അംഗങ്ങളാണ് യുവാക്കള്‍ക്ക് മാതൃകയായി കൃഷിക്കായി പാടത്ത് ഇറങ്ങിയത്. വര്‍ഷങ്ങളായി തരിശിട്ടിരുന്ന കുഴിയാഞ്ചാല്‍ പാടത്ത് ഈ വര്‍ഷം മുതല്‍ കൃഷി ആരംഭിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനു ശേഷം മാഞ്ഞൂര്‍ പഞ്ചായത്തിലെ കുഴിയാഞ്ചാല്‍ പാടശേഖരത്തില്‍ ആരംഭിച്ച നെല്‍ക്കൃഷിയില്‍ വാര്‍ഡ് മെമ്പര്‍ ബിനോയ് എമ്മാനുവേലിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്  ചലഞ്ചേഴ്‌സ് ക്ലബ്ബ് അഗംങ്ങള്‍ പാടത്തിറങ്ങാന്‍ തീരുമാനിച്ചത്.

പ്രസിഡന്റ് അഭിലാഷിന്റെ നേതൃത്വത്തില്‍ ക്ലബിലെ പത്തു അംഗങ്ങളാണ് നെല്‍ക്കൃഷി ചെയ്യുന്നത്. ഇക്കുറി കൃഷി ആരംഭിച്ച 40 ഏക്കര്‍ പാടത്തെ രണ്ടേക്കറിലാണ് ക്ലബ്ബ് അംഗങ്ങള്‍ കൃഷിയിറക്കിയത്. കൃഷിയാരംഭിച്ചതോടെ ഒഴിവ് കിട്ടുന്ന സമയങ്ങളില്‍ പാടത്ത് ഇറങ്ങുന്നതിനാല്‍ മറ്റു പരിപാടികള്‍ തനിയെ ഒഴിവായത് നേട്ടമാണെന്നും യുവാക്കള്‍ പറയുന്നു. കൂടാതെ തങ്ങളുടെ പ്രവൃത്തി യുവതലമുറയ്ക്കു പ്രചോദനമാകുമെന്ന വിശ്വാസവും ഇവര്‍ക്കുണ്ട്.

തമാശയ്ക്കാണ് ഇവരില്‍ പലരും കൃഷി ചെയ്യാന്‍ ഇറങ്ങിയതെങ്കിലും ഇപ്പോള്‍ ഏല്ലാവരും വളരെ ഗൗരവത്തോടെയാണ് കൃഷിപ്പണികള്‍ ചെയ്യുന്നത്. വര്‍ഷങ്ങളായി തരിശ് കിടന്നതുള്‍പ്പെടെ മാഞ്ഞൂര്‍ പഞ്ചായത്തിലെ 250 ഓളം ഹെക്ടര്‍ പാടത്ത് കൃഷി ചെയ്യുന്നതിന് വേണ്ട സൗകര്യങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. പതിറ്റണ്ടുകള്‍ക്ക് മുമ്പാണ് കുഴിയാഞ്ചാലിലെ  ഏക്കര്‍ കണക്കിന് വരുന്ന പാടത്ത് കൃഷി ഉണ്ടായിരുന്നത്.

പിന്നീട് വര്‍ഷങ്ങളായി പാടശേഖരങ്ങള്‍ തരിശിട്ടിരിക്കുകയായിരുന്നു. പല കാരണങ്ങളാലാണ് കര്‍ഷകര്‍ ഇവിടത്തെ നെല്‍കൃഷി ഉപേക്ഷിച്ചു പച്ചക്കറി കൃഷിയിലേക്കു പോകാനിടയാക്കിയത്.  കര്‍ഷകര്‍ ചേര്‍ന്നു പാടശേഖരസമിതി രൂപീകരിക്കുകയും വാര്‍ഡ് മെമ്പര്‍ ബിനോയ് ഇമ്മാനുവേലിന്റെ നേതൃത്വത്തില്‍ ദിവസങ്ങളോളം കര്‍ഷകര്‍ കഠിന പ്രയ്തനം നടത്തിയുമാണ് പാടം  കൃഷിയിറക്കാന്‍ പാകപ്പെടുത്തിയത്.

Related posts