നീയൊക്കെ മന്ത്രിയെ കുടുക്കുമല്ലേടാ… ചാനല്‍ സിഇഒയ്ക്കും ചീഫ് റിപ്പോര്‍ട്ടര്‍ക്കും കോടതിക്കകത്ത് വച്ച് അഭിഭാഷകരുടെ വക തല്ല്, വഞ്ചിയൂര്‍ കോടതിയില്‍ നാടകീയ നിമിഷങ്ങള്‍

mangalamമന്ത്രി എ.കെ. ശശീന്ദ്രനെ കുടുക്കിയ ചാനല്‍ കെണിയില്‍ പോലീസ് പിടിയിലായവര്‍ക്ക് അഭിഭാഷകരുടെ വക തല്ലും. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ചാനല്‍ സിഇഒ അജിത് കുമാര്‍, മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവര്‍ക്ക് വക്കീലന്മാരുടെ രോഷത്തിന് ഇരയാകേണ്ടിവന്നത്. നീയൊക്കെ മാന്യനായ മന്ത്രിയെ കുടുക്കും അല്ലേടാ എന്നു ചോദിച്ചായിരുന്നു പ്രഹരം. ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇരുവരെയും കേസ് അന്വേഷണത്തിനായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു.

ഇരുവരെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വൈദ്യപരിശോധന നടത്തി റിപ്പോര്‍ട്ടുമായി എത്താന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളായ ഇരുവരെയും വൈദ്യപരിശോധനക്കായി കോടതിയില്‍ നിന്നും വെളിയിലേക്ക് കൊണ്ട് വരവെയാണ് ഒരു സംഘം അസഭ്യം വിളിച്ച് കൊണ്ട് ഇരുവരെയും കയ്യേറ്റം ചെയ്തത്. അതേസമയം, സ്വകാര്യ ചാനല്‍ ലേഖികയുടെ പരാതിയില്‍ മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ പോലീസ് കേസെടുക്കും. മുന്‍ മന്ത്രി തന്നോട് അശ്ലീലം സംസാരിക്കുകയും അശ്ലീലം കാട്ടുകയും ചെയ്‌തെന്ന് കാട്ടി മാധ്യമപ്രവര്‍ത്തക ഡിജിപിക്കും തിരുവനന്തപുരം സിജെഎം കോടതിക്കും പരാതി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് മുന്‍മന്ത്രിക്കെതിരേ കേസെടുക്കുന്നതിന് പോലീസ് നടപടികള്‍ സ്വീകരിക്കുന്നത്.

ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് മാധ്യമപ്രവര്‍ത്തക കോടതിയില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഡിജിപിക്ക് ലഭിച്ച പരാതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. മന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതിചെയ്യുന്ന പോലീസ് സ്‌റ്റേഷന്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനാണ്. അതിനാല്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനിലായിരിക്കും എ.കെ.ശശീന്ദ്രനെതിരെയുള്ള കേസ് രജിസ്റ്റര്‍ ചെയ്യുക. മാധ്യമപ്രവര്‍ത്തകയോട് മൊഴി നല്‍കാന്‍ എത്താന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതി പോലീസിലോ കോടതിക്ക് മുന്‍പാകെയോ മൊഴി നല്‍കും.

Related posts