വരുന്ന വഴിയില്‍ മഴയാണെങ്കില്‍ എവിടെയെങ്കിലും കയറിനിന്നിട്ട് മഴ തോരുമ്പോള്‍ വന്നാല്‍ മതിയെന്ന് വാലറ്റിനോടു പറയൂ ! സൊമാറ്റോ കസ്റ്റമര്‍ കെയറും യുവതിയും തമ്മിലുള്ള ചാറ്റ് വൈറലാകുന്നു…

ഇപ്പോള്‍ ഫുഡ് ഡെലിവറി ആപ്പുകളുടെ കാലമാണ്. സൊമാറ്റോ,സ്വിഗ്ഗി,ഊബര്‍ ഈറ്റ്‌സ് തുടങ്ങിയ നിരവധി ഫുഡ് ആപ്പുകളാണ് ഭക്ഷണം വീടിന്റെ വാതില്‍ക്കല്‍ എത്തിക്കുന്നത്. നിരവധി ആളുകള്‍ ഇത്തരം ഓണ്‍ലൈന്‍ ആപ്പുകളില്‍ ജോലി ചെയ്യുന്നുമുണ്ട്. എന്നാല്‍ ഭക്ഷണം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ ഡെലിവറി ബോയ്സിനെ പിന്നീട് ഓര്‍ക്കാറു പോലുമില്ല. അതിന്റെ ആവശ്യമില്ലെന്നതാണ് വസ്തുത. വെയിലിലും മഴയിലുമെല്ലാം അവര്‍ ഭക്ഷണവുമായി പറന്നെത്തും.

എന്നാല്‍ ഇതിനിടയില്‍ മനസില്‍ തൊടുന്ന ഒരു ചെറിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സൊമാറ്റോ കസ്റ്റമര്‍ കെയറും വിജി എന്ന കസ്റ്റമറും തമ്മിലുള്ള ചാറ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നുവെന്നും തന്റെ സൊമാറ്റോ വാലറ്റ് ഭക്ഷണവുമായി വരുന്നുണ്ടെന്ന് മാപ്പില്‍ കാണിക്കുന്നുണ്ടെന്നും വിജി കസ്റ്റമര്‍ കെയറിനോട് പറയുന്നു. ഒപ്പം, ഇവിടെ നല്ല മഴയാണെന്നും വരുന്ന വഴിയില്‍ മഴയാണെങ്കില്‍ എവിടെയെങ്കിലും കയറി നിന്നിട്ട് മഴ മാറുമ്പോള്‍ ഭക്ഷണം കൊണ്ടു വന്നാല്‍ മതി എന്ന് പറയാന്‍ കഴിയുമോ എന്നും ചാറ്റിലൂടെ വിജി ചോദിക്കുന്നു.

അതിനു കസ്റ്റമര്‍ കെയര്‍ ഉടനടി മറുപടിയും നല്‍കി. താങ്കള്‍ പറഞ്ഞതു പ്രകാരം വാലറ്റിനോട് മഴ കൊള്ളാതെ മാറി നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് കസ്റ്റമര്‍ കെയര്‍ അറിയിച്ചത്. കസ്റ്റമറുടെ മാനവികതയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് എക്സിക്യൂട്ടിവ് ആ ചാറ്റ് അവസാനിപ്പിക്കുന്നത്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

Related posts