കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലയിലെ പാറത്തോട് പഞ്ചായത്തിൽ മേരി ക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവനപദ്ധതി വഴി നിർമിച്ചുനൽകുന്ന ഭവനത്തിന്റെ താക്കോൽ കൈമാറ്റം സിഎംഐ സഭ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യാ വികാർ പ്രൊവിൻഷ്യലും സാമൂഹ്യ ക്ഷേമവിഭാഗം കൗൺസിലറും മേരി ക്വീൻസ് ഡയറക്ടറുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സിഎംഐയും വീടിന്റെ ആശീർവാദം മേരി ക്വീൻസ് ആശുപത്രിയുടെ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐയും നിർവഹിച്ചു.
2024ലെ ചാവറയച്ചന്റെ തിരുനാൾ ദിനമായ ജനുവരി മൂന്നിന് പ്രഖ്യാപിച്ച ചാവറ കെയർ പ്ലസ് പദ്ധതിയുടെ ഭാഗമായി മേരി ക്വീൻസിലെ ജീവനക്കാരിൽ അർഹരായ ഒരാൾക്കാണ് ചാവറ ഭവന പദ്ധതി പ്രകാരം വീട് നിർമിച്ചുനൽകിയത്. മുൻ വർഷങ്ങളിൽ കോട്ടയം ജില്ലയിലെ പാറത്തോട്, എരുമേലി, നെടുംകുന്നം പഞ്ചായത്തുകളിലും ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലും വീടുകൾ നിർമിച്ചുനൽകിയിരുന്നു.
ഓഗസ്റ്റ് 15ന് പരിശുദ്ധ കന്യകമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ ദിനത്തിൽ തറക്കല്ലിട്ട്, സെപ്റ്റംബർ എട്ടിന് പരിശുദ്ധ കന്യകമറിയത്തിന്റെ ജനനത്തിരുനാൾ ദിനത്തിൽ കട്ടിള വച്ച് ഡിസംബർ 31ന് വീട് നിർമാണം പൂർത്തീകരിച്ചു കൈമാറാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും മേരി ക്വീൻസ് കുടുംബത്തിലെ അംഗങ്ങളുടെ പിന്തുണ വളരെയേറെ സഹായകമായതായും ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ പറഞ്ഞു.
പാറത്തോട് നടന്ന ചടങ്ങിൽ ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സിഎംഐ, ഫാ. സിറിൾ തളിയൻ സിഎംഐ, പാസ്റ്ററൽ കെയർ ഡയറക്ടർ ഫാ. ഇഗ്നേഷ്യസ് പ്ലാത്താനം സിഎംഐ തുടങ്ങിയവർ പങ്കെടുത്തു.
