കോഴിക്കോട്: നഗരങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ രാത്രികാല താമസമൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയില്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്നവരില്‍നിന്നു തുക ഈടാക്കാന്‍ വനിതാ ശിശുവികസന വകുപ്പിനു സര്‍ക്കാര്‍ അനുമതി.
മാസത്തില്‍ ഒരാള്‍ക്കു പരമാവധി മൂന്നു ദിവസത്തേക്കു മാത്രമാണു സൗജന്യ പ്രവേശനം അനുവദിക്കുക. അടിയന്തര സാഹചര്യങ്ങളില്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ താമസിക്കേണ്ടി വന്നാല്‍ ഓരോ ദിവസത്തിനും 150 രൂപ വീതമാണ് ഈടാക്കുക. സാമൂഹ്യ നീതി വകുപ്പിന്റെ കാലത്താണു പദ്ധതി ആരംഭിച്ചത്. വകുപ്പ് വിഭജനത്തെത്തുടര്‍ന്ന് വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലായി.
നിലവില്‍ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനു സമീപവും തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ കെടിഡിസി കെട്ടിടത്തിലും എറണാകുളം കാക്കനാട് കളക്ടറേറ്റിനു സമീപവുമാണ് ‘എന്റെ കൂട്’ പ്രവര്‍ത്തിക്കുന്നത്. വൈകുന്നേരം 6.30 മുതല്‍ പിറ്റേന്ന് രാവിലെ 7.30 വരെയാണ് സൗജന്യ താമസം.
ഒരേസമയം 20 പേര്‍ക്ക് വരെ താമസിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. സര്‍ക്കാരില്‍നിന്ന് മൂന്‍കൂര്‍ അനുമതി വാങ്ങാതെ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് വനിതാ ശിശുവികസന വകുപ്പ് അധിക തുക ഈടാക്കിയിരുന്നു.
അടുത്ത കാലത്ത് കാക്കനാട് ആരംഭിച്ച ‘എന്റെ കൂടി’ലെ താമസത്തിന് അധിക തുക ഈടാക്കുന്നതിനായി വനിതാശിശുവികസന ഡയറക്ടര്‍ നല്കിയ ശിപാര്‍ശ അംഗീകരിച്ച സര്‍ക്കാര്‍ കോഴിക്കോടും തിരുവനന്തപുരത്തും ഇതിനകം അധിക തുക ഈടാക്കിയ നടപടി സാധൂകരിക്കുകയും ചെയ്തു. കൂടുതല്‍ തുക ഈടാക്കുന്നതിനോ തുക നിക്ഷേപിക്കുന്നതിനു ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനോ തുക വിനിയോഗം സംബന്ധിച്ചോ ഇതുവരെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.
സ്വന്തം ലേഖകന്‍
