ചെങ്ങന്നൂര്‍ സീറ്റ് ഏതുവിധേനയും നിലനിര്‍ത്താന്‍ ഇടതുപക്ഷം; മഞ്ജുവിന്റെ പേരു തള്ളിയതിനു പിന്നിലെകാരണങ്ങള്‍ പലത് ; കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ ചെങ്ങന്നൂരില്‍ നടക്കുന്ന അണിയറ നീക്കങ്ങള്‍ ഇങ്ങനെ…

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏതുവിധേനയും ജയിക്കാനുറച്ചാണ് എല്‍ഡിഎഫ് കളത്തിലിറങ്ങുന്നത്. സിറ്റിങ് എംഎല്‍എ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്ക് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഭരണവിരുദ്ധ വികാരം ഇല്ലെന്നും അതിനാല്‍ തന്നെ തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്നുമാണ് പിണറായി വിചാരിക്കുന്നു. പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ തേടിയപ്പോള്‍ ആദ്യം വന്ന പേരാണ് മഞ്ജു വാര്യരുടേത്. എന്നാല്‍ പാര്‍ട്ടിയില്‍ ഇതിനെച്ചൊല്ലി തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് മഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയാവും സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുകയെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കുകയും ചെയ്തു. സജി ചെറിയാന്‍ മല്‍സരിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. സംസ്ഥാന സമ്മേളനത്തിനുശേഷം ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കഴിഞ്ഞ തവണ ചതുഷ്‌കോണ മത്സരം നടന്ന മണ്ഡലത്തില്‍ വിജയമാവര്‍ത്തിക്കാന്‍ സജി ചെറിയാന് പുറമെ മുന്‍ എംപിയും സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവുമായ സിഎസ് സുജാത, ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായ വിശ്വംഭര പണിക്കര്‍ എന്നിവരുടെ പേരും സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.2016ലെ തെരഞ്ഞെടുപ്പില്‍ പി.സി വിഷ്ണുനാഥില്‍ നിന്ന് പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്താനാണ് സിപിഎം ശ്രമം. അതിനാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം പരിഗണിക്കുന്നത്. യു.ഡി.എഫില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട പി.സി വിഷ്ണുനാഥിനാണ് പ്രഥമ പരിഗണന. എം.മുരളിയേയും പരിഗണിക്കുന്നു. ബിജെപിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശ്രീധരന്‍പിള്ളയുടെ പേരിനാണ് മുന്‍തൂക്കം.

ഈ തിരഞ്ഞെടുപ്പോടെ ബിഡിജെസ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാനും കെ.എം മാണി എല്‍ഡിഎഫ് പാളയത്തിലെത്താനും സാധ്യത തെളിയുന്നുണ്ട്. പി.സി വിഷ്ണുനാഥിന്റെ സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളുണ്ടാവാന്‍ സാധ്യതയില്ല. ഉമ്മന്‍ ചാണ്ടിയുടെ അതിവിശ്വസ്തനെതിരെ സോളാര്‍ കേസ് ചിലര്‍ ചര്‍ച്ചയാക്കുന്നുണ്ട്. എന്നാലും നിലവിലെ സാഹചര്യത്തില്‍ വിഷ്ണുനാഥിനെതിരെ നേതൃത്വം നിലപാട് എടുക്കാന്‍ സാധ്യത കുറവാണ്. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ് ചെങ്ങന്നൂര്‍. ആദ്യം ശോഭനാ ജോര്‍ജും പിന്നീട് പി.സി വിഷ്ണുനാഥും 2016വരെ മണ്ഡലം കാത്തു. എന്നാല്‍ അപ്രതീക്ഷിത അട്ടിമറിയിലൂടെ കഴിഞ്ഞ വര്‍ഷം രാമചന്ദ്രന്‍നായര്‍ ജയിച്ചു കയറുകയായിരുന്നു. ബിജെപിയുടെ സാന്നിധ്യമായിരുന്നു 2016ല്‍ ചെങ്ങന്നൂരിലെ തലവിധി മാറ്റി എഴുതിയത്്. ജന്മനാട്ടില്‍ മത്സരിക്കാനെത്തിയ പി എസ് ശ്രീധരന്‍ പിള്ള 42000 വോട്ടുകളാണ് ചെങ്ങന്നൂരില്‍ നേടിയത്. അതുകൊണ്ട് തന്നെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ത്രികോണപ്പോരിനാകും വേദിയാകുക. അധികാരത്തിലുള്ള സിപിഎമ്മിനാകും ഏറെ നിര്‍ണ്ണായകം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന തെരഞ്ഞെടുപ്പാകും ഇത്.

നെയ്യാറ്റിന്‍കരയിലും അരുവിക്കരയിലും വേങ്ങരയിലും ഉപതെരഞ്ഞെടുപ്പുകളില്‍ ജയിച്ച യുഡിഎഫ് ചരിത്രവും കോണ്‍ഗ്രസിന് പ്രതീക്ഷയാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മനസ്സ് അറിഞ്ഞ് കാര്യങ്ങള്‍ നീക്കാനാണ് കോണ്‍ഗ്രസിന് താല്‍പ്പര്യം. വിഷ്ണുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലും ഇത് തന്നെയാകും നിര്‍ണ്ണായകമാവുക. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പൊരു ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരും പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായുണ്ടായ സഖാവ് രാമചന്ദ്രന്റെ വേര്‍പാട് ആലപ്പുഴയിലെ സിപിഎമ്മിന് കടുത്ത വെല്ലുവിളിയാണ്. ഇവിടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തല്‍ വലിയ തലവേദനയാകും. ജയിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. നായര്‍-ഈഴവ-ക്രൈസ്തവ വോട്ടുകള്‍ സമാഹരിച്ചാല്‍ മാത്രമേ വിജയിക്കാനാവൂ. ഇതാണ് സിപിഎം നേരിടുന്ന പ്രധാന പ്രശ്‌നവും.

 

Related posts