സംഘര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ചൈന അതിര്‍ത്തിയിലേക്ക് അയച്ചത് പര്‍വതാരോഹകരെയും ആയോധനകലാ നിപുണരെയും; 15,000 സൈനികരെ നിയന്ത്രണരേഖയിലേക്ക് അയച്ച് ഇന്ത്യ; പ്രധാനമന്ത്രി പറഞ്ഞത് വെറുതെയല്ല…

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പര്‍വതാരോഹകരെയും ആയോധന കലയില്‍ നിപുണന്മാരായ അഭ്യാസികളെയും അയച്ചിരുന്നതായി ചൈനീസ് സൈന്യത്തിന്റെ സ്ഥിരീകരണം.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഔദ്യോഗിക പത്രമായ നാഷണല്‍ ഡിഫന്‍സ് ന്യൂസിന്റെ റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് സൂചന നല്‍കുന്നത്.

ജൂണ്‍ 15ന് ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ അഞ്ച് പുതിയ സേനാ ഡിവിഷനുകള്‍ പരിശോധനക്കായി എത്തിയതായാണ് റിപ്പോര്‍ട്ട്. ഈ സംഘത്തില്‍ എവറസ്റ്റ് ഒളിമ്പിക് ടോര്‍ച്ച് റിലേ ടീമിലെ മുന്‍ അംഗങ്ങളും മിക്സഡ് ആയോധനകല ക്ലബ്ബിലെ പോരാളികളും ഉള്‍പ്പെട്ടിരുന്നു. ലാസയില്‍ സൈനിക നീക്കത്തിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചാനലും പുറത്ത് വിട്ടിരുന്നു.

ഇവിടെ നിന്ന് 1300 കിലോമീറ്റര്‍ ദൂരെയുള്ള ലഡാക്ക് മേഖലയിലാണ് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ആയോധനകല ക്ലബ്ബില്‍ നിന്നുള്ള റിക്രൂട്ട്മെന്റുകള്‍ സൈന്യത്തിന്റെ ഘടനയും ശക്തിയും പടയൊരുക്കവും വളരെയധികം ഉയര്‍ത്തുമെന്ന് ടിബറ്റ് കമാന്‍ഡര്‍ വാങ് ഹൈജിയാങ് പറഞ്ഞതായി ചൈന നാഷണല്‍ ഡിഫന്‍സ് ന്യൂസ് അറിയിച്ചു.

എന്നാല്‍ അവരുടെ വിന്യാസം നിലവിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടില്ല. ഇതേ സമയം ചൈനയുടെ കുതന്ത്രത്തിന് ചുട്ട മറുപടി നല്‍കാനുള്ള നീക്കങ്ങള്‍ ഇന്ത്യയും ആരംഭിച്ചു.

കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയിലേക്ക് 15,000 സൈനികരെ അയച്ചതിന് പിന്നാലെയാണ് ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യക്കറിയാമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ചൈന ആക്രമണത്തിനു മുതിര്‍ന്നാല്‍ നേരിടുന്നതിനായി ടാങ്കുകളും തോക്കുകളും യുദ്ധവിമാനങ്ങളും ഉള്‍പ്പെടെയുള്ള സൈനിക നീക്കമാണ് ഇന്ത്യ നടത്തിയത്.

വടക്കന്‍ ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ 2013-ല്‍ ചൈനയുമായി സംഘര്‍ഷമുണ്ടായതിനുശേഷം ഇപ്പോഴാണ് ഇത്രവലിയ സൈനിക സന്നാഹത്തെ ഇന്ത്യ അയക്കുന്നത്.

ഇന്ത്യന്‍ പ്രതിരോധത്തെ അതിജീവിക്കാന്‍ ഒരുലക്ഷം പട്ടാളക്കാരെയെങ്കിലും ചൈനയ്ക്കുവേണ്ടിവരും. എന്നാല്‍, ഇതുവരെ അത്രയേറെപ്പേരെ ചൈന വിന്യസിച്ചിട്ടില്ല. അഞ്ചു ബ്രിഗേഡുകളിലായി 15,000 പട്ടാളക്കാരെയാണ് ഇന്ത്യ അയച്ചിരിക്കുന്നത്.

കാലാള്‍പ്പടയ്‌ക്കൊപ്പം യുദ്ധ ടാങ്കുകള്‍, തോക്കുകള്‍, വ്യോമപ്രതിരോധ തോക്കുകള്‍, അമേരിക്കയില്‍നിന്ന് പുതുതായി വാങ്ങിയ അപ്പാച്ചിയുള്‍പ്പെടെയുള്ള ആക്രമണ ഹെലികോപ്റ്ററുകള്‍ എന്നിവയും അയച്ചിട്ടുണ്ട്.

നിയന്ത്രണ രേഖക്കപ്പുറം തമ്പടിച്ചിരിക്കുന്ന ചൈനീസ്പ്പടയുമായി എണ്ണത്തിലും കരുത്തിലും തുല്യത കൈവരിക്കുക എന്നതാണ് കരസേനയുടെ പ്രാഥമിക ദൗത്യം.

ഇതു കൂടാതെ ശത്രുവിന്റെ പോര്‍വിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും മിസൈലുകളെയും അതിവേഗത്തില്‍ തകര്‍ക്കാന്‍ ശേഷിയുള്ള ‘ആകാശ്’ മിസൈലുകളുടെ സഹായത്തോടെ അതിര്‍ത്തിയില്‍ വ്യോമപ്രതിരോധവും തീര്‍ത്തു.

ചൈനീസ് ഭാഗത്തു നിന്നു ഏതെങ്കിലും തരത്തിലുള്ള വ്യോമ ഭീഷണിയുണ്ടായാല്‍ നേരിടാന്‍ ലക്ഷ്യമിട്ടാണ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ലഡാക്കില്‍ വിന്യസിച്ചിരിക്കുന്നത്.

ശത്രുവിമാനങ്ങളെയും ഡ്രോണുകളെയും കണ്ടെത്താനുള്ള റഡാര്‍ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഇന്ത്യന്‍ വ്യോമസേന സുഖോയ് -30 എംകെഐ, മിറാഷ് 2000, ജാഗ്വാര്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലെ വിവിധ വ്യോമതാവളങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

അതിവേഗം സഞ്ചരിക്കുന്ന യുദ്ധവിമാനങ്ങളും ഡ്രോണുകളും വരെ നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ആകാശ് മിസൈലുകള്‍.

ഉയര്‍ന്ന പര്‍വതപ്രദേശങ്ങളില്‍ വിന്യസിക്കുന്നതിന് അനുയോജ്യമായ രീതിയില്‍ ഇത് പരിഷ്‌ക്കരിച്ചതാണ്. സുഖോയ് പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ അതിര്‍ത്തിയില്‍ ഇന്ത്യ വ്യോമ നിരീക്ഷണം നടത്തുന്നത്.

Related posts

Leave a Comment