കൊറോണ ബാധയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഡോക്ടറെ ചൈന ഭീഷണിപ്പെടുത്തിയിരുന്നു ! രോഗവിവരം പുറത്തറിയിച്ച മാധ്യമപ്രവര്‍ത്തകന്‍ എവിടെ; എന്താണ് ചൈനയില്‍ സംഭവിക്കുന്നത്…

ചൈനയില്‍ കൊറോണബാധയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടറായ 34കാരന്‍ ലി വെന്‍ലിയാന്‍ഗിനെ ചൈനീസ് അധികൃതര്‍ കടുത്ത രീതിയില്‍ ഭീഷണിപ്പെടുത്തിയെന്ന സൂചന പുറത്ത് വന്നു. ഈ ഡോക്ടര്‍ വെള്ളിയാഴ്ച കൊറോണ ബാധിച്ച് മരിച്ചിരുന്നു. സര്‍ക്കാര്‍ മറച്ച് വച്ച രോഗവിവരം രണ്ടും കല്‍പ്പിച്ച് പുറത്തറിയിച്ച ധീരനായ മാധ്യമപ്രവര്‍ത്തകന്‍ ചെന്‍ കിയുഷിയെയും കാണാതായിട്ടുണ്ട്. ഡോക്ടറുടെ മരണത്തിനു പിന്നില്‍ ചൈനീസ് സര്‍ക്കാരിന്റെ കൈകളുണ്ടോയെന്ന സംശയമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ചൈന കൊറോണയെ പരമാവധി രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ചൈന പരമാവധി രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ച കൊറോണബാധയെ പുറംലോകം അറിയാന്‍ കാരണമായവര്‍ക്കെതിരേ ചൈന പ്രതികാര നടപടികള്‍ തുടരുകയാണ്.വെള്ളിയാഴ്ച രോഗം ബാധിച്ച് മരിക്കുന്നതിന് മുമ്പാണ് തനിക്ക് ചൈനീസ് പൊലീസില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വെയ്‌ബോ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഡോക്ടര്‍ ലി വെളിപ്പെടുത്തിയിരുന്നത്.

കൊറോണയെ സംബന്ധിച്ച ആദ്യ മുന്നറിയിപ്പ് പുറത്ത് വിട്ടതിനെ തുടര്‍ന്ന് താന്‍ അധികൃതരുടെയും പൊലീസിന്റെയും കണ്ണിലെ കരടായി മാറിയിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് പലവിധ ഭീഷണികള്‍ സര്‍ക്കാരില്‍ നിന്നുണ്ടായിരുന്നുവെന്നുമാണ് ലി വെളിപ്പെടുത്തിയിരുന്നത്.

കൊറോണ സംബന്ധിച്ച വെളിപ്പെടുത്തലില്‍ പശ്ചാത്താപം പ്രകടിപ്പിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷകള്‍ ഏറ്റ് വാങ്ങാന്‍ ഒരുങ്ങണമെന്നാണ് ചൈനീസ് പൊലീസ് തനിക്ക് മുന്നറിയിപ്പേകിയിരുന്നതെന്നാണ് ലി വെളിപ്പെടുത്തിയിരിക്കുന്നത്.

അസത്യം പ്രചരിപ്പിച്ചു എന്ന കുറ്റമായിരുന്നു ലിയ്ക്കു മേല്‍ അധികൃതര്‍ ചുമത്തിയിരുന്നത്. തുടര്‍ന്ന് വുഹാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ കൊറോണ രോഗികളെ ചികിത്സിക്കുന്നതിനായി ലി തിരിച്ചെത്തുകയും രോഗം ബാധിച്ച് വെള്ളിയാഴ്ച മരിക്കുകയുമായിരുന്നു.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന പേരില്‍ പൊലീസ് താക്കീത് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ലി ആദ്യം വാര്‍ത്തകളില്‍ നിറയുന്നത്. ഡിസംബര്‍ 30ന് വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ സാര്‍സ് രോഗം പടരുന്നുവെന്നായിരുന്നു അന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണയെക്കുറിച്ച് ലി മുന്നറിയിപ്പേകിയിരുന്നത്.

തുടര്‍ന്ന് പൊലീസ് ലിക്കെതിരെ കടുത്ത താക്കീതും ഭീഷണികളുമായി മുന്നോട്ട് വരുകയുമായിരുന്നു. വുഹാനിലെ തെരുവുകളെ എത്ര ഗുരുതരമായിട്ടാണ് കൊറോണ പിടികൂടിയിരിക്കുന്നതെന്ന് ധൈര്യത്തോടെ ലോകത്തോട് വെളിപ്പെടുത്തിയ ചൈനയിലെ സിറ്റിസണ്‍ഷിപ്പ് ജേര്‍ണലിസ്റ്റായ ചെന്‍ കിയുഷിയെ അതിന് ശേഷം കാണാനില്ലെന്ന റിപ്പോര്‍ട്ടും അതിനിടെ പുറത്ത് വന്നിട്ടുണ്ട്.

ചൈന മറച്ച് വച്ച വിവരം ലോകത്തെ അറിയിച്ചതിന് ചൈനീസ് അധികൃതര്‍ കിയുഷിയെ വധിച്ചിരിക്കാമെന്ന അഭ്യൂഹവും ശക്തമാണ്. വ്യാഴാഴ്ച രാത്രി ഏഴ് മുതലാണ് ഇയാളെ കാണാതായിരിക്കുന്നത്. ഇയാളുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ചാല്‍ ലഭിക്കാത്ത അവസ്ഥയാണതിന് ശേഷമുള്ളത്.

കൊറോണയുടെ ഭീകരത ലോകത്തിനു മുമ്പില്‍ വെളിപ്പെട്ടത് കിയുഷിയുടെ റിപ്പോര്‍ട്ടുകളിലൂടെയായിരുന്നു.കൊറോണബാധിതരെ പാര്‍പ്പിച്ച ഹോസ്പിറ്റലുകള്‍ , കൊറോണ ബാധിച്ച് മരിച്ചവരുടെ വീടുകള്‍, സംസ്‌കരിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചായിരുന്നു കിയുഷി വിശദമായ റിപ്പോര്‍ട്ടുകള്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നത്.

അത് ചൈനീസ് സര്‍ക്കാരിന് കടുത്ത അപമാനമുണ്ടാക്കിയിരുന്നു. സിറ്റിസണ്‍ ജേര്‍ണലിസ്റ്റായ ഫാന്‍ഗ് ബിനും അറസ്റ്റിലായിട്ടുണ്ട്. കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബസില്‍ കയറ്റുന്ന വീഡിയോ പുറത്ത് വിട്ടതിനെ തുടര്‍ന്നായിരുന്നു ഫാന്‍ഗ് ബിന്നിനെ അറസ്റ്റു ചെയ്തത്.

Related posts

Leave a Comment