ഈ പാട്ട് ഹിറ്റായതെങ്ങനെയെന്ന് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു! ജിമ്മിക്കി കമ്മല്‍ പാട്ടിനെ വിമര്‍ശിച്ച് ചിന്താ ജെറോം; പരിഹാസശരങ്ങളുമായി ഗാനത്തിന്റെ സംവിധായകനും ട്രോളന്മാരും

സോഷ്യല്‍മീഡിയയുടെയും ട്രോളന്മാരുടെയും ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുള്ളവര്‍ ധാരാളമുണ്ട്. തങ്ങളുടെ വായില്‍ നിന്ന് വീഴുന്ന ചെറിയൊരു കാര്യം മതി ട്രോളന്മാര്‍ക്ക് അവ ഏറ്റെടുക്കാനും പിന്നീട് മടക്കിയൊടിച്ച് കൈയ്യില്‍ കൊടുക്കാനും. ഷാന്‍ റഹ്മാന്‍ ഗാനമായ ജിമ്മിക്കി കമ്മലിനെ വിമര്‍ശിച്ച ചിന്താ ജെറോമിനെതിരെയാണ് ഇപ്പോള്‍ കേരളത്തിലെ ട്രോളന്മാരും കൂടാതെ ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകരായ താരങ്ങളും രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മല്‍ മോഷ്ടിക്കുന്നവരല്ല അച്ഛന്‍മാര്‍. അഥവാ ആ ജിമ്മിക്കി കമ്മല്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ അതിന് ബ്രാന്‍ഡി കുടിക്കുന്നവരല്ല അമ്മമാര്‍ എന്നാണ് പാട്ടിനെ കുറിച്ച് സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷ ഇക്കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം. ആ പാട്ട് എന്തുകൊണ്ട് ഹിറ്റായി എന്ന് നമ്മള്‍ ചര്‍ച്ചക്ക് വിധേയമാക്കണമെന്നും ചിന്ത പറഞ്ഞു. ഇതുകേട്ട് വെറുതെയിരിക്കാന്‍ ഗാനത്തിന്റെ സംവിധായകന്‍ ഷാന്‍ റഹ്മാന്‍ തയാറായില്ല.

പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്, പക്ഷേ മണ്ടത്തരം ഒരു അബദ്ധമായി തോന്നിയത് ഇപ്പോഴാണ് എന്നാണ് ഷാന്‍ തന്റെ സമൂഹ മാധ്യമത്തില്‍ കുറിച്ചത്. അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ചിന്തയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്തെത്തുകയുണ്ടായി. ദേവരാജന്‍ മാസ്റ്ററും ഓ എന്‍ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കില്‍ ”പൊന്നരിവാള്‍ എങ്ങിനെ അമ്പിളി ആവും?”, ”അങ്ങനെ ആയാല്‍ തന്നെ, ആ അമ്പിളിയില്‍ എങ്ങിനെ കണ്ണ് ഏറിയും?”, ”കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?” എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വന്നേനെ…!’ മുരളി ഗോപി പറഞ്ഞു. ഷാനിന്റെയും മുരളിയുടെയും പോസ്റ്റുകള്‍ പുറത്തുവന്ന ഉടനേ മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ, റെക്കോര്‍ഡുകള്‍ പലതും ഭേദിച്ച ഈ പാട്ടിനെ വിമര്‍ശിച്ച ചിന്തയ്‌ക്കെതിരെ അരങ്ങേറിയത് ട്രോളുകളുടെ പെരുമഴയായിരുന്നു. ആശയദാരിദ്രത്തിന്റെ ഏറ്റവും ഭയാനകമായ അവസ്ഥ എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.

 

 

Related posts